ഗതാഗതച്ചിലവ് വർദ്ധനവ് കുട്ടികൾക്കുവേണ്ടിയുള്ള സഹായങ്ങൾ കുറയാൻ കാരണമാകുന്നു: യൂണിസെഫ്
മദ്ധ്യപൂർവ്വദേശങ്ങളിലുൾപ്പെടെ വിവിധയിടങ്ങളിൽ നടന്നുവരുന്ന സായുധസംഘർഷങ്ങളും യുദ്ധങ്ങളും, കുട്ടികൾക്ക് ആവശ്യസാധനങ്ങളെത്തിക്കുന്നതിന് പ്രതിസന്ധിയുളവാക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഗതാഗതമേഖലയിലെ ചിലവുകൾ വർദ്ധിക്കുന്നത്, കുട്ടികൾക്കുവേണ്ടിയുള്ള സാധനസാമഗ്രികൾ എത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ഫണ്ടുകൾ കുറയാൻ കാരണമാകുന്നുവെന്ന് സംഘടനയുടെ ഗതാഗതനിയന്ത്രണവുമായി ബന്ധപ്പെട്ട വിഭാഗം തലവൻ ഷാൻ സേദ്രിക് മീയൂസ്സ് പ്രസ്താവിച്ചു.
കടൽമാർഗ്ഗമുള്ള ഗതാഗതം നേരിടുന്ന പ്രതിസന്ധികളും, തടസ്സങ്ങളും മാനവികപ്രതിസന്ധിക്ക് കാരണമായേക്കാമെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. വിലവർദ്ധനയും, ഗതാഗതമേഖലയിലുള്ള താമസവും ആഗോളതലത്തിൽ കുട്ടികൾക്ക് സഹായമെത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തന്റെ പ്രസ്താവനയിൽ മീയൂസ്സ് വ്യക്തമാക്കി.
യാത്രാമേഖലയിൽ കൂടുതലായി നൽകേണ്ടിവരുന്ന ഓരോ ഡോളറും, ശിശുക്ഷേമനിധി കുട്ടികൾക്കായി മാറ്റിവച്ചിരുന്ന ഫണ്ടിൽനിന്ന് കുറയുമെന്ന് സംഘടന വിശദീകരിച്ചു. ഇന്ത്യയിൽനിന്ന് എത്യോപ്യയിലേക്കും നൈജീരിയയിലേക്കും, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലേക്കും എത്തിച്ചിരുന്ന പ്രതിരോധമരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള ചിലവുകൾ അൻപത് മുതൽ എഴുപത് വരെ ശതമാനം വർദ്ധിച്ചുവെന്ന് യൂണിസെഫ് എഴുതി.
കുട്ടികൾക്കുൾപ്പെടെ വേണ്ടിയുള്ള ചികിത്സാഭക്ഷണങ്ങൾ കെനിയയിൽനിന്ന് തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലേക്കും റോഡ് മാർഗ്ഗം എത്തിക്കുന്നതിന്റെ ചെലവുകളിൽ 30 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്. നൈജീരിയയിലേക്ക് രോഗപ്രതിരോധത്തിനുവേണ്ടിയുള്ള ചില ചികിത്സാ ഉപകരണങ്ങൾ എത്തിക്കുന്നതിൽ 56 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധികളുടെ മുന്നിലും തങ്ങൾ അടിസ്ഥാന സഹായങ്ങൾ എത്തിക്കുന്നതിൽ കുറവുവരുത്തിയിട്ടില്ലെന്നും, എന്നാൽ നിലവിലെ സ്ഥിതിഗതികൾ ഏറെ ആശാവഹമല്ലെന്നും അറിയിച്ച യൂണിസെഫ്, ഇത്തരമൊരു അവസ്ഥ ഇതാദ്യമായാണെന്ന് കൂട്ടിച്ചേർത്തു. ചരക്കുനീക്കത്തിനായുള്ള വാർഷികസംഭവനകൾ തീർന്നുവരികയാണെന്നും സംഘടന അറിയിച്ചു.