ബിഗ് ടിവിയില്‍ കലാപാന്തരീക്ഷം. അനില്‍ അയിരൂരിന്റെ ഇടപെടലില്‍ എഡിറ്റോറിയല്‍ തലപ്പത്ത് ഭിന്നത. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും രണ്ട് എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരും ചാനല്‍ വിടാന്‍ ഒരുങ്ങുന്നു
 

 
anil ayroor

കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ മലയാളത്തിലെ ഏറ്റവും പുതിയ വാർത്താ ചാനലായ ബിഗ് ടിവിയിൽ അസംതൃപ്തി പുകയുന്നു. ചാനൽ മാനേജിങ്ങ് എഡിറ്ററും ഫൌണ്ടിങ്ങ് ഡയറക്ടറുമായ അനിൽ അയിരൂരിൻെറ ഇടപെടലും എഡിറ്റോറിയൽ നേതൃത്വത്തിൽ ഉടലെടുത്തിരിക്കുന്ന പടലപ്പിണക്കങ്ങളുമാണ് പുത്തരിയിൽ കല്ലുകടിച്ചത് പോലെ ജീവനക്കാർക്കിടയിൽ അതൃപ്തിക്ക് വഴിവെച്ചിരിക്കുന്നത്.

ഈ അന്തരീക്ഷത്തിൽ മുന്നോട്ട് പോകാനാവില്ലെന്ന തീരുമാനത്തിലേക്കെത്തിയ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളും 2 എക്സിക്യൂട്ടീവ് എഡിറ്റർമാരും ചാനൽ വിടാനുളള ശ്രമത്തിലാണ്. ഇരുവരും മറ്റൊരു സീനിയർ വനിതാ മാധ്യമ പ്രവർത്തകയും ട്വൻറിഫോർ ന്യൂസുമായി ചർച്ച നടത്തി എന്നാണ് പുറത്ത് വരുന്ന വിവരം.

എഡിറ്റോറിയൽ തലപ്പത്തെ പ്രമുഖർ മറ്റ് ലാവണം തേടുന്നുവെന്ന വിവരം പുറത്തായതോടെ താഴെയുളള ജീവനക്കാരും എങ്ങനെയെങ്കിലും ബിഗ് ടിവിയിൽ നിന്ന് പുറത്തുകടക്കാനുളള ശ്രമത്തിലാണ്. ഇറങ്ങിപോന്ന ചാനലുകൾ തിരിച്ചെടുക്കാനുളള സാധ്യത കുറവായതിനാൽ എവിടേക്ക് മാറുമെന്നതാണ് ബിഗ് ടിവി ജീവനക്കാർക്ക് മുന്നിലുളള വലിയ പ്രതിസന്ധി.

മറ്റേതെങ്കിലും ചാനൽ വിളിച്ചാൽ തന്നെ ഇപ്പോഴത്തെ ശമ്പളം ലഭിക്കാനുളള സാധ്യതയുമില്ല. ഉയർന്ന ശമ്പളം മോഹിച്ച് സുസ്ഥിരമായി പ്രവർത്തിക്കുന്ന ചാനലുകളിൽ നിന്ന് ബിഗ് ടിവിയിലേക്ക് ചേക്കേറിയവർ ഇപ്പോൾ ശരിക്കും കൈയ്യുംകാലുമിട്ടടിക്കുന്ന അവസ്ഥയിലാണ്.

നേരത്തെ വാങ്ങിക്കൊണ്ടിരുന്ന ശമ്പളത്തിൽ ആയാലും മടങ്ങിവരാമെന്നാണ് പലരും പഴയ സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാൽ വലിയ ഓഫർ കണ്ട് പോയവരെ തിരിച്ചെടുത്താൽ പോകാതെ സ്ഥാപനത്തോടൊപ്പം നിന്ന ജീവനക്കാരോട് ചെയ്യുന്ന അനീതിയാകുമെന്നതിനാൽ മാനേജുമെൻറുകൾ കൈകൊടുക്കുന്നില്ല.

ട്വൻറി ഫോർ ന്യൂസിൻെറ തലപ്പത്തെ സുഹൃത്തുക്കൾ വഴിയാണ് 2 എക്‌സിക്യൂട്ടീവ് എഡിറ്റർമാരും മടങ്ങിവരാനുളള സാധ്യതകൾ ആരാഞ്ഞത്. ഇതിൽ ഒരാൾക്ക് മാതൃസ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസിലേക്ക് ഇനി തിരിച്ചുചെല്ലാനാവില്ല. അതാണ്  ബിഗ് ടിവിയിൽ നിന്ന് മാറാൻ ട്വൻറിഫോർ തിരഞ്ഞെടുത്തത്.

രണ്ടാമൻ ട്വൻറിഫോറിൽ നിന്നാണ് വലിയ ശമ്പളം മോഹിച്ച് ബിഗ് ടിവിയിലേക്ക് പോയത്. അതിനാൽ ഇയാളെ തിരിച്ച് എടുക്കാനാവില്ലെന്നാണ് ട്വൻറിഫോർ മാനേജുമെൻറിൻെറ ഇപ്പോഴത്തെ തീരുമാനം.

നോട്ടീസ് പിരീയഡ് പോലും പാലിക്കാതെ പെട്ടെന്ന് രാജിവെച്ച് പുറത്തിറങ്ങിയ ഇദ്ദേഹം, പീന്നീട് ചാനൽ തലപ്പത്തെ ചിലർക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

ട്വൻറിഫോറിൽ സ്റ്റാർ അവതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിന് കൂടുതൽ അവസരം കിട്ടുന്നതിലും ഇദ്ദേഹം പരാതി പറഞ്ഞിരുന്നു. ഇതൊക്കെക്കൊണ്ടാണ് ഒരു കാലത്ത് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ വിശ്വസ്തനായിരുന്ന ഇദ്ദേഹത്തെ തിരിച്ചെടുക്കാതിരിക്കാൻ കാരണം.

ഏഷ്യാനെറ്റിൽ നിന്നും പോയ ഒന്നാമനെയും ട്വൻറിഫോർ ന്യൂസിൽ എടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ബിഗ് ടിവിയിലെ ശമ്പളം പോയിട്ട്, ഏഷ്യാനെറ്റ് ന്യൂസിലെ ശമ്പളം പോലും നൽകാനാവില്ല എന്നതാണ് കാരണം.

sreekandan nair

ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർക്ക് പല ഇനങ്ങളിലായി 30 ലക്ഷം രൂപയോളം ശമ്പളം കിട്ടുന്നുണ്ടെങ്കിലും  ഏഷ്യാനെറ്റ് ന്യൂസിലെ ശമ്പള സ്കെയിലിനേക്കാൾ കുറവാണ് ട്വൻറിഫോറിൽ.

രണ്ട് കൊല്ലത്തിൽ ഒരിക്കൽ മാത്രമാണ് ട്വൻറിഫോറിൽ ശമ്പളം വർദ്ധിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മുൻനിര ചാനലുകളിൽ നിന്ന് ആരെയും ഉൾക്കൊളളാൻ ട്വൻറിഫോറിന് കഴിയില്ല.

ബിഗ് ടിവിയുടെ എഡിറ്റോറിയൽ തലപ്പത്ത് അടിമുടി തർക്കങ്ങളും പ്രശ്നങ്ങളുമാണെന്നാണ് പുറത്തുവരുന്ന വിവരം.

ഓൺസ്ക്രീനീൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതാണ് 2 എക്‌സിക്യൂട്ടീവ് എഡിറ്റർമാരുടെയും പ്രശ്നം. ഡസ്കിൽ കാര്യമായ ഇടപെടലിന് അവസരം കിട്ടാത്തതും ഇരുവരെയും അലട്ടുന്നുണ്ട്.

ബാലാരിഷ്ടതകൾ പിന്നിടാത്ത പ്രശ്മങ്ങളുമുണ്ട്. പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇരുവർക്കും ഒപ്പം വേണു ബാലകൃഷ്ണനെയും ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് പറഞ്ഞയിച്ചിരിക്കുകയാണ്. 

നിയമസഭാ മണ്ഡലങ്ങളിലൂടെയുളള യാത്രക്കായി ക്രമീകരിച്ചിരിക്കുന്ന ബിഗ് ബസിലാണ് ഇരുവർക്കും ഡ്യൂട്ടി. രണ്ട് ബസുകളിലായി വെവ്വേറെ സഞ്ചരിക്കുന്ന ഇവരുടെ മുഖം കണ്ടാൽ തന്നെ സന്തോഷത്തിലല്ലെന്ന് ഏതാണ്ട് വ്യക്തമാണ്.

 

suja ya

സുജയ പാർവതിക്കും ലക്ഷ്മി പത്മക്കും ഇടയിലും അവസരം ലഭിക്കുന്നത് സംബന്ധിച്ച പ്രശ്നമുളളതായി പറയപ്പെടുന്നു. മണ്ഡലങ്ങളിൽ ആദ്യം ലൈവ് നടത്താനെത്തിയ ലക്ഷ്മി പത്മ, സുജയയിൽ നിന്ന് മൈക്ക് കിട്ടാതെ പിന്നാലെ നടക്കുന്നത് കാണാമായിരുന്നു. ഇടക്കൊക്കെ ഓരോ തഗ് അടിച്ചാണ് ലക്ഷ്മി പിടിച്ചു നിന്നിരുന്നത്. 

lekshmi

ചാനലിൻെറ ഫൌണ്ടർ ഡയറക്ടറായ അനിൽ അയിരൂരിൻെറ പ്രവർത്തന ശൈലിയാണ് ബിഗ് ടിവി ജീവനക്കാർക്കിടയിൽ അതൃപ്തി പടരുന്നതിൻെറ മുഖ്യകാരണം. 

റിപോർട്ടർ ചാനൽ എംഡി ആൻെറാ അഗസ്റ്റിനെ പോലെ ചാനൽ ചർച്ചയിൽ കയറിയിരുന്ന് തുടങ്ങിയ അനിൽ അയിരൂർ വിദഗ്ധാഭിപ്രായങ്ങൾ എന്ന നിലയിൽ തട്ടിവിടുന്നത് വിവരക്കേടാണെന്നണ് ജീവനക്കാരുടെ പരിഹാസം.

anil ayroor

ചാനലിൻെറ സാങ്കേതിക മേഖലയിൽ മാത്രം പരിചയസമ്പത്തുളള അനിൽ അയിരൂർ, വാർത്താ വിഷയങ്ങളിൽ ആധികാരികമായ അഭിപ്രായങ്ങളാണ് തട്ടിവിടുന്നത്.

അടുപ്പക്കാരായ ജീവനക്കാരുടെ പ്രവർത്തനവീഴ്ച ശ്രദ്ധയിൽപ്പെടുത്തിയതിൻെറ പേരിൽ ഡസ്ക് ചീഫുമാരോട് അനിൽ അയിരൂർ മോശമായി സംസാരിച്ചതാണ് ബിഗ് ടിവിയിൽ അതൃപ്തിക്ക് തുടക്കമിട്ടത്.

നേരിട്ട് വിളിച്ച് ശാസിച്ചതിന് പുറമേ വാട്സാപ്പ് ഗ്രൂപ്പിലും അനിൽ അയിരൂർ സന്ദേശങ്ങൾ ഇട്ടതും മുതിർന്ന ജീവനക്കാരെ അടക്കം ആശങ്കയിലാക്കിയിരുന്നു. താഴെയുളള ജീവനക്കാരെ ശകാരിക്കാൻ പോകുന്നവരെ പിരിച്ചുവിടുമെന്നും പിരിച്ചുവിടുന്നതിന് പ്രശ്നമൊന്നുമില്ലെന്നും രണ്ട് മാസത്തെ ശമ്പളം തരണമെന്നേയുളളുവെന്നുമായിരുന്നു  സന്ദേശം.

ഇത് ന്യൂസ് ഡസ്കിലും ബ്യൂറോയിലും ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് കടുത്ത ആഘാതമായി. അതിന് പിന്നാലെ റിപോർട്ടർമാർക്ക് നേരെയും സമാനമായ പ്രതികരണങ്ങൾ നടന്നു. ചാനൽ പ്രവർത്തനം ആരംഭിച്ചതോടെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും സൂചനയുണ്ട്.

കേരളത്തിലെ ചില ബാങ്കുകളെ വായ്പക്കായി സമീപിച്ചതാണ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന വിവരം പുറത്തുവരാൻ കാരണം. മാനേജിങ്ങ് എഡിറ്റർക്കും അടുപ്പക്കാർക്കും എതിരെ ഗുരുതരമായ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് എച്ച്.ആർ മാനേജർ രാജിവെച്ചതും ബിഗ് ടിവിയെ വാർത്തകളിൽ എത്തിച്ചിരുന്നു.

രാജിക്കത്തും അനിൽ അയിരൂരിൻെറ മറുപടിയും എല്ലാം സ്ക്രീൻഷോട്ടായി പുറത്തെത്തിയതും ചാനലിൽ അഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്നതിൻെറ തെളിവായി. ഈ പ്രതിസന്ധികളും പ്രശ്നങ്ങളും മറികടന്ന് മുന്നോട്ടുവരാനായില്ലെങ്കിൽ ബിഗ് ടിവിയുടെ ഭാവി ആശാവഹമായിരിക്കില്ല.

Tags

Share this story

From Around the Web