അരിയില്‍ തൊട്ടാല്‍ പൊള്ളും; സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് അരിവില, പൊന്നി അരിക്ക് മൂന്നുമാസത്തിനിടെ കൂടിയത് 30 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. മൂന്ന് മാസത്തിനിടെ വര്‍ധിച്ചത് 30 രൂപയാണ്. മട്ടയ്ക്കും ജയ അരിക്കും കൂടിയത് പത്ത് രൂപയാണ്. പൊന്നി അരിക്ക് 30 രൂപയും കൂടി. തമിഴ്‌നാട്ടില്‍ നിന്നുള്ള അരികള്‍ക്ക് (പൊന്നി, പച്ചരി) വില വര്‍ധിച്ചിട്ടുണ്ട്. വിളവെടുപ്പിലെ കുറവും വെള്ളത്തിന്റെ ലഭ്യതക്കുറവുമാണ് ഇതിന് കാരണം.
കോല അരിയുടെ ചില്ലറ വില 105 രൂപയായി. കുറുവ, മട്ട അരികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് നേരിയ തോതിലാണ്. ഇവയ്ക്ക് മൂന്ന് മുതല്‍ എട്ട് രൂപ വരെയാണ് വര്‍ധനവ് ഉണ്ടായത്. മട്ട അരിക്ക് കോഴിക്കോട് കൂടിയത് 50 രൂപയാണ്.
പൊന്നി അരിക്ക് റെക്കോര്‍ഡ് വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റയടിക്ക് 30 രൂപയാണ് വര്‍ധിച്ചത്. നേരത്തെ 60 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് ഇപ്പോള്‍ 90 രൂപയാണ് വില. പ്രധാനമായും തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പൊന്നി അരി വരുന്നത്. നിലവില്‍ അരിയുടെ ലഭ്യതയില്‍ കുറവുണ്ട്.
കൃഷിനാശവും ജലക്ഷാമവും അരിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. കൂടാതെ, എഥനോള്‍ ഉല്‍പാദനത്തിനായി ധാന്യങ്ങള്‍ ഉപയോഗിക്കുന്നത് വിപണിയിലെ സ്റ്റോക്കിനെ ബാധിക്കുന്നതിനാലാണ് വില കൂടുന്നതെന്ന് വിലയിരുത്തല്‍. വില വര്‍ധനവില്‍ വ്യാപാരികളും ആശങ്കയിലാണ്.
അതേസമയം, അരിയില്‍ നിന്നുള്ള എഥനോള്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മീഡിയാ വണിനോട് വ്യക്തമാക്കി.