കാൻസർ ചികിത്സാ രംഗത്ത് വിപ്ലവ മുന്നേറ്റം. വാക്സിൻ വികസിപ്പിച്ച് റഷ്യ. ആദ്യപരീക്ഷണം വൻ വിജയം

 
Cancer

കാൻസർ ചികിത്സാ രംഗത്ത് ചരിത്രമായേക്കാവുന്ന മുന്നേറ്റം നടത്തി റഷ്യൻ ഗവേഷകർ. രോഗത്തെ പ്രതിരോധിക്കാനായി വികസിപ്പിച്ച എന്ററോമിക്‌സ്‌ വാക്‌സിന്‍റെ ട്രയൽ പരീക്ഷണങ്ങൾ വൻവിജയമായി. പാർശ്വഫലങ്ങളില്ലാതെ മനുഷ്യരിൽ വിജയകരമായി പരീക്ഷിക്കാൻ സാധിച്ചതായി ഗവേഷകർ പറഞ്ഞു. വാക്സിൻ പരീക്ഷണത്തിന് ശേഷം രോഗികളിലെ ട്യൂമർ ചുരുങ്ങിയതായും ഗവേഷകർ കൂട്ടിച്ചേർത്തു.

കോവിഡ്‌ വാക്‌സിനുകള്‍ക്ക് സമാനമായ എംആര്‍എന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ച്, റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച്‌ റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മോളിക്കുലര്‍ ബയോളജിയും ചേര്‍ന്നാണ്‌ മരുന്ന് വികസിപ്പിച്ചെടുത്തത്.

2025 ലെ സെന്‍റ് പീറ്റേഴ്‌സ്ബർഗ് ഇന്‍റർനാഷണൽ ഇക്കണോമിക് ഫോറത്തിലാണ് ഗവേഷണവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ കഴിയുംവിധം ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ പ്രാപ്തിപ്പെടുത്തി എടുക്കുക എന്നതാണ് വാക്സിന്‍റെ ദൗത്യം. വാക്സിൻ നിലവിലെ സാധാരണ ചികിത്സാ രീതിയായ കീമോതെറാപ്പിയേക്കാള്‍ സുരക്ഷിതമാണെന്നും ഗവേഷകർ പറയുന്നു.

നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോ​ഗിക്കുന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ ബാധിക്കുന്ന കാൻസറുകൾക്കെതിരെയുള്ള വാക്സിനുകളും പണിപ്പുരയിലാണ്. വാക്സിന്‍റെ കണ്ടുപിടിത്തത്തെ വലിയ പ്രാധാന്യത്തോടു കൂടിയാണ് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര ഗവേഷകർ നിരീക്ഷിക്കുന്നത്. കൂടുതൽ ശക്തമായ പരീക്ഷണങ്ങൾക്ക് ശേഷവും വാക്സിൻ വിജയകരമായി അതിന്‍റെ ദൗത്യം പൂർത്തിയാക്കിയാൽ, കാൻസർ ചികിത്സാ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. നിലവിൽ റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണ് ഗവേഷകർ.

Tags

Share this story

From Around the Web