വരുമാനച്ചോര്‍ച്ച: ടിക്കറ്റ് പരിശോധന കര്‍ശനമാക്കാന്‍ റെയില്‍വേ, ഒരുമാസം പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവ്

 
train

കൊല്ലം: വരുമാനച്ചോര്‍ച്ച തടയുന്നതിന് ടിക്കറ്റ് പരിശോധന കര്‍ശനമാക്കാന്‍ റെയില്‍വേ. ഇളവുകള്‍ ഉപയോഗിച്ച് ബുക്കുചെയ്ത ടിക്കറ്റുകള്‍, പ്രത്യേക റിസര്‍വേഷന്‍ ക്വാട്ടകളില്‍ ബുക്കുചെയ്ത ടിക്കറ്റുകള്‍ എന്നിവയെല്ലാം കൃത്യമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ എല്ലാ യാത്രക്കാരുടെയും തിരിച്ചറിയല്‍ രേഖ പരിശോധിക്കും.

വരുമാനച്ചോര്‍ച്ച തടയുന്നതിനും ക്വാട്ട, ഇളവ്, പാസ് എന്നിവയുടെ ദുരുപയോഗം ഒഴിവാക്കുന്നതിനുമാണ് നടപടി. ഏജന്റുമാരുടെ അതിപ്രസരംമൂലം ക്രമക്കേടുകള്‍ വ്യാപകമായതായി വിലയിരുത്തലുമുണ്ട്.

ഒക്ടോബര്‍ ഒന്നുമുതല്‍ 31 വരെ പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവ് നടത്താനാണ് ദക്ഷിണ റെയില്‍വേയും റെയില്‍വേ ബോര്‍ഡും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടിക്കറ്റില്‍ ഉള്‍പ്പെട്ട യാത്രക്കാരില്‍ കുറഞ്ഞത് ഒരാളെങ്കിലും നിര്‍ദേശിച്ചിട്ടുള്ള യഥാര്‍ഥ തിരിച്ചറിയല്‍ രേഖ കൈവശംെവച്ചിട്ടില്ലെങ്കില്‍, ആ ടിക്കറ്റിലെ എല്ലാ യാത്രക്കാരും ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരായി കണക്കാക്കും.

ഇവരില്‍നിന്ന് പിഴയീടാക്കും. ഇളവ് അല്ലെങ്കില്‍ പ്രത്യേക റിസര്‍വേഷന്‍ ക്വാട്ടയില്‍ ബുക്ക് ചെയ്ത യാത്രക്കാരന്‍, അര്‍ഹത തെളിയിക്കുന്ന യഥാര്‍ഥ രേഖ കൈവശംവയ്ക്കണം. ടിക്കറ്റ് പരിശോധകര്‍ ഇക്കാര്യങ്ങള്‍ കണ്ട് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.

റെയില്‍വേ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ഡിജിറ്റല്‍ പാസ് ഉപയോഗിച്ച് യാത്രചെയ്യുന്നവരില്‍ ഒരാളുടെ കൈവശമെങ്കിലും നിര്‍ദേശിച്ചിട്ടുള്ള യഥാര്‍ഥ തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം. റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകള്‍ യഥാര്‍ഥമാണെന്ന് ടി.ടി.ഇ. ആപ്പ് ഉപയോഗിച്ച് ഉറപ്പാക്കണം.

പരിശോധനാ ഡ്രൈവിന്റെ വിവരങ്ങള്‍ ദിവസേന നിശ്ചിത ഗൂഗിള്‍ ഷീറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേക ഡ്രൈവിനിടെ കണ്ടെത്തുന്ന എല്ലാ കേസുകളും സംഭവങ്ങളും ദിവസവും ബന്ധപ്പെട്ട ഓഫീസിനെ അറിയിക്കണം. ഡ്രൈവ് അവസാനിച്ചതിനുശേഷം 10 ദിവസത്തിനുള്ളില്‍ സംക്ഷിപ്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web