സഹോദരിയുടെ കൊലയ്ക്ക് പ്രതികാരം; ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവിനെ നടുറോഡില്‍ വെട്ടിക്കൊന്ന് യുവതിയുടെ സഹോദരന്‍
നിസാമാബാദ്: നിയമം നീതി നടപ്പാക്കിയില്ലെന്നാരോപിച്ച് ഗര്‍ഭിണിയായ സഹോദരിയുടെ കൊലക്കേസ് പ്രതിയെ സഹോദരന്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദില്‍ നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളും കുറ്റസമ്മത വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നു. യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് ചിത്താരി ഹരിബാബു (26) ആണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ സഹോദരനായ സന്തോഷാണ് ഇതിനു പിന്നില്‍.
സെപ്റ്റംബര്‍ 17-ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപം നിന്നിരുന്ന ഹരിബാബുവിനെ കാറിലെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ പുറത്തിറങ്ങി ഹരിബാബുവിനെ പിന്തുടരുകയും, തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും വെട്ടുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എസിപി മാധ്യമങ്ങളോട് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഹരിബാബു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നിസാമാബാദ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഈ വര്‍ഷം മാര്‍ച്ച് 17-നാണ് യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ ജഗ്തിയാല്‍ ജില്ലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുമ്പോള്‍ വൈഷ്ണവി നാലുമാസം ഗര്‍ഭിണിയായിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഹരിബാബു വൈഷ്ണവിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. അറസ്റ്റിലായ ഹരിബാബുവിന് ജൂലൈയിലാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, സംഭവത്തിന് പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സന്തോഷ് പുറത്തുവിട്ട സെല്‍ഫി വീഡിയോ സമൂഹികമാധ്യമങ്ങളില്‍ അതിവേഗം വൈറലായി. 'നീതി നടപ്പായില്ല, അതുകൊണ്ട് സഹോദരിയെ കൊന്നയാളെ ഞാന്‍ കൊന്നു' എന്നാണ് സന്തോഷ് വീഡിയോയില്‍ പറയുന്നത്. മറ്റൊരു ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെ നിസാമാബാദില്‍വെച്ച് ഹരിബാബുവിനെ യാദൃശ്ചികമായി കാണുകയായിരുന്നുവെന്നും, തിരിച്ചറിഞ്ഞയുടന്‍ വാഹനത്തില്‍നിന്നും ഇറങ്ങി സ്വന്തം സുരക്ഷയ്ക്കായി കരുതിയ ആയുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.
തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്നും വധശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ പൊതുജനങ്ങളും പിന്തുണയ്ക്കണമെന്നും വീഡിയോയില്‍ സന്തോഷ് അഭ്യര്‍ത്ഥിക്കുന്നുണ്ട്. താന്‍ ഉടന്‍തന്നെ പോലീസില്‍ കീഴടങ്ങുമെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്.നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നടുക്കുന്ന കൊലപാതകത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.