വെള്ളക്കെട്ടിൽ വീണ് റിട്ട അങ്കണവാടി അധ്യാപിക മരിച്ചു

 
2222

കായംകുളം: വെള്ളക്കെട്ടിൽ വീണ് റിട്ട. അങ്കണവാടി അധ്യാപിക ദാരുണമായി മരിച്ചു. പത്തിയൂർ പഞ്ചായത്ത് ആറാം വാർഡിൽ പത്തിയൂർ ക്ഷേത്രത്തിന് വടക്കുവശം തോണ്ടുകുന്നേൽ വീട്ടിൽ ഓമനയമ്മയാണ് (75) മരിച്ചത്. എരുവ ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

പ്രദേശത്ത് പൂർണമായും വെള്ളം കയറിയതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ഓമനയമ്മ പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയിരുന്നു. എന്നാൽ ഇവിടെനിന്നും ഭക്ഷണം കഴിച്ച ശേഷം ഇവർ ക്യാമ്പിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഇവരെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് എരുവ ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

കായംകുളം അഗ്നിശമന സേനയുടെ സഹായത്താൽ മൃതദേഹം കരയ്ക്കെത്തിച്ച് കരീലകുളങ്ങര പൊലീസ് തുടർനടപടികൾ പൂർത്തിയാക്കി. പത്തിയൂർ പഞ്ചായത്തിലെ ചെറിയ പത്തിയൂർ അങ്കണവാടിയിൽ നിന്നാണ് ഇവർ വിരമിച്ചത്. പരേതനായ ജനാർദ്ദനനാണ് ഭർത്താവ്. സഹോദരന്റെ മകൻ രാജേഷിനൊപ്പമാണ് ഓമനയമ്മ താമസിച്ചിരുന്നത്. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags

Share this story

From Around the Web