ഇടുക്കിയില്‍ മഴയ്ക്ക് ശമനം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

 
IDUKKI DAM



ഇടുക്കി ജില്ലയില്‍ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തീരുമാനം
ഇടുക്കി ജില്ലയില്‍ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ ജില്ലാ ഭരണകൂടം നീക്കി. കനത്ത മഴയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. കാലാവസ്ഥ വകുപ്പ് ഇടുക്കിയില്‍ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിക്കാന്‍ തീരുമാനമായത്. അടുത്ത ദിവസങ്ങളില്‍ ജില്ലയിലും സംസ്ഥാനത്തും പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് ഒന്നും തന്നെ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ കേരളത്തിന് ഭീഷണിയായി ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത രൂപപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ആഗസ്റ്റ് 12 ഓടെ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഈ മാസം 14 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), എറണാകുളം (മുനമ്പം മുതല്‍ മുറവക്കാട് വരെ) ജില്ലകളിലെ തീരങ്ങളില്‍ 11/08/2026 രാത്രി 11.30 വരെ 1.0 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 11/08/2026 രാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.


3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Tags

Share this story

From Around the Web