ആരോഗ്യം വീണ്ടെടുക്കാന്‍ വിശ്രമം; അസീസി യാത്ര ഒഴിവാക്കി ലിയോ പാപ്പ

 
papa leo 132



വത്തിക്കാന്‍ സിറ്റി: ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആരോഗ്യവീണ്ടെടുപ്പിന് മുന്‍ഗണന നല്‍കി, ഒക്ടോബര്‍ 27-ന് നിശ്ചയിച്ചിരുന്ന അസീസി സന്ദര്‍ശനം ലിയോ പതിനാലാമന്‍ പാപ്പ ഒഴിവാക്കി. മുന്‍കരുതലിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താവിഭാഗം അറിയിച്ചു.


അസീസിയില്‍ നടക്കുന്ന 'നിരായുധവും നിരായുധീകരിക്കുന്നതുമായ സമാധാനം' എന്ന സംഗമത്തില്‍ പാപ്പ പങ്കെടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. പകരം, സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും തന്റെ സാമീപ്യം അറിയിക്കുന്ന സന്ദേശം പാപ്പ അയയ്ക്കും. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അസീസിയില്‍ വിളിച്ചുചേര്‍ത്ത ലോക സമാധാന പ്രാര്‍ത്ഥനാദിനത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സംഗമം.


സംഘര്‍ഷങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ സംവാദവും സമാധാനത്തിനായുള്ള വാക്കുകളും പ്രവൃത്തികളും വിലപ്പെട്ടതാണെന്ന ഉറച്ച ബോധ്യം പാപ്പയ്ക്കുണ്ടെന്നും വാര്‍ത്താവിഭാഗം വ്യക്തമാക്കി. 'അസീസിയുടെ ചൈതന്യം' ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനശ്രമങ്ങള്‍ക്ക് പാപ്പയുടെ പിന്തുണ തുടരും.


അതേസമയം, പാപ്പയുടെ ആരോഗ്യനില മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ഡോ. ലൂയിജി കാര്‍ബോണെയും പ്രൊഫ. സ്റ്റെഫാനോ മാര്‍ഗരിറ്റോറയും അറിയിച്ചു. തുടര്‍പരിശോധനയുടെ ഭാഗമായി നടത്തിയ നെഞ്ചിന്റെ എക്സ്റേയും ശസ്ത്രക്രിയാനന്തര ആരോഗ്യവീണ്ടെടുപ്പ് നന്നായി മുന്നേറുന്നതായി സ്ഥിരീകരിച്ചു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് അധികദിവസങ്ങള്‍ ആയിട്ടില്ലാത്തതിനാലാണ് യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്.


ഒക്ടോബര്‍ 13-ന് നടത്തിയ ശസ്ത്രക്രിയയില്‍ പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തിരുന്നു. അര്‍ബുദബാധിതമായ ഭാഗം പൂര്‍ണമായി നീക്കിയെന്നും തുടര്‍പരിശോധനകളുടെ അടിസ്ഥാനത്തില്‍ അധിക ചികിത്സ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.

Tags

Share this story

From Around the Web