സാമ്പത്തികനീതിയും തൊഴിലവസരങ്ങളും ഉറപ്പാക്കാൻ തൊഴിൽമേഖലയിൽ ഉത്തരവാദിത്വമുള്ളവർ തയ്യാറാകണം: ലിയോ പതിനാലാമൻ പാപ്പാ

 
LEO PAPA 123

സാമൂഹിക സുരക്ഷാ മേഖലയിലെ സംവിധാനങ്ങൾ എല്ലാവർക്കും തൊഴിലവസരസാധ്യതകൾ ഉറപ്പുവരുത്തണമെന്നും, സാമ്പത്തികനീതിയും ശരിയായ വിതരണവും പ്രോത്സാഹിപ്പിക്കുന്ന നടപടികൾ വേണമെന്നും ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയുടെ സാമൂഹിക സുരക്ഷയ്ക്കായുള്ള ദേശീയ സ്ഥാപനത്തിന്റെ പ്രതിനിധിസംഘത്തിന് ഏപ്രിൽ 10 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ് തൊഴിൽ, പെൻഷൻ, സാമ്പത്തിക മേഖലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച പാപ്പാ സംസാരിച്ചത്.

എളുപ്പമല്ലാത്ത സാമൂഹിക, സാമ്പത്തിക വ്യവസ്ഥിതികളിലൂടെ കടന്നുപോകുന്ന സാധാരണക്കാരും ദുർബലരുമായ ആളുകളുടെ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കാൻവേണ്ടി, സമ്പത്തിന്റെ ന്യായപൂർണ്ണമായ വിതരണം ഉറപ്പാക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. സാമ്പത്തികവികസനത്തിനും പൊതുനന്മയുടെ വളർച്ചയ്ക്കും കൂടുതൽ പ്രാധാന്യം കൊടുക്കാനുള്ള സാധ്യതയാണ് അതുവഴി ലഭിക്കുകയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ലോകത്ത് ദശലക്ഷക്കണക്കിന് മനുഷ്യർ ഭക്ഷണവും ഭവനവും ചികിത്സാസൗകര്യങ്ങളും വിദ്യാഭ്യാസ സാധ്യതകളും ശുദ്ധജലലഭ്യതയും ഉൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങളും വസ്തുക്കളും ഇല്ലാതെയോ പരിമിതമായ തോതിൽ മാത്രം അനുഭവിച്ചോ ആണ് ജീവിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ ധനത്തിന്റെ അനീതിപരമായ വിതരണത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, അത് ചുരുക്കം ചിലരുടെ കൈകളിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ടെന്ന് അപലപിച്ചു.

തൊഴിൽ മേഖലയിലും, പാവപ്പെട്ടവർക്കും കത്തോലിക്കാസഭ നൽകുന്ന ശ്രദ്ധയും കരുതലും പ്രത്യേകം എടുത്തുപറഞ്ഞ പാപ്പാ, ലിയോ പതിമൂന്നാമൻ പാപ്പായുടെ “റേരും നോവരും” എന്ന ചാക്രികലേഖനത്തിൽ തുടങ്ങി, വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ, വിശുദ്ധ പോൾ ആറാമൻ പാപ്പാ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, ബെനഡിക്ട് പതിനാറാമൻ പാപ്പാ തുടങ്ങിയവർ ഈ മേഖലയുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച പഠനങ്ങളും ചിന്തകളും പ്രത്യേകം പരാമർശിച്ചു.

ഫ്രാൻസിസ് പാപ്പാ “ഫ്രത്തെല്ലി തൂത്തി”യിലൂടെ മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യമൂല്യങ്ങളെക്കുറിച്ചും ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. സാമൂഹികമായ ഉത്തരവാദിത്വം, മാനവികസഹോദര്യം തുടങ്ങി വിവിധ മൂല്യങ്ങൾ ഈ രേഖ പരാമർശിക്കുന്നുണ്ട്.

സാമൂഹിക സുരക്ഷാമേഖലയിൽ പ്രവർത്തിക്കുന്നവർ മനുഷ്യരെ തങ്ങളുടെ പ്രവർത്തനങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കാൻ മറന്നുപോകരുതെന്നും, അവരുടെ അന്തസ്സും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതും, ജീവിതത്തെ ശക്തിപ്പെടുത്തുന്നതുമായ പ്രവർത്തനശൈലി തുടരണമെന്നും പാപ്പാ ആവശ്യപ്പെട്ടു. 

Tags

Share this story

From Around the Web