വിദ്വേഷത്തിന് സ്നേഹം കൊണ്ട് മറുപടി നൽകുക: ക്രൈസ്തവരോട് ലെയോ മാർപാപ്പ

 
leo papa

വിദ്വേഷത്തെ സ്നേഹംകൊണ്ടും അഹങ്കാരത്തിന് സൗമ്യതകൊണ്ടും നിരാശയ്ക്ക് സ്ഥിരോത്സാഹം കൊണ്ടും മറുപടി നൽകാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. വിസ്തൃതമായ തന്ത്രങ്ങളോ സാങ്കേതിക മാർഗങ്ങളോ അല്ല, മറിച്ച് ക്രിസ്തുവുമായുള്ള വ്യക്തിപരമായ അടുപ്പവും പ്രാർഥനയുമാണ് യഥാർഥ സുവിശേഷ പ്രഘോഷണത്തിന്റെ അടിസ്ഥാനമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ആഞ്ചെലൂസ് പ്രാർഥനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ.

ഹൃദയത്തിന്റെ നിശബ്ദതയിൽ ദൈവത്തിൽ നിന്നും സ്വീകരിക്കുന്നത് വേണം പൊതുസമൂഹത്തിൽ പ്രഘോഷിക്കാൻ. വ്യക്തിപരമായി അനുഭവിച്ചറിഞ്ഞ സുവിശേഷം മാത്രമേ മറ്റുള്ളവരിലേക്ക് വിശ്വസനീയമായി എത്തിക്കാൻ സാധിക്കൂ. ദൈവവചന ധ്യാനവും പ്രാർഥനയും സന്യാസിമാർക്കോ ചില പ്രത്യേക വിശുദ്ധർക്കോ ഉള്ളതല്ല. ദൈനംദിന തിരക്കുകൾക്കിടയിലും ദൈവത്തോട് സംസാരിക്കാനും ജീവിതം വിലയിരുത്താനും ഓരോ ക്രിസ്ത്യാനിയും സമയം കണ്ടെത്തണം പാപ്പ പറഞ്ഞു.

​ആദ്യകാല ക്രിസ്ത്യൻ സമൂഹങ്ങൾ നേരിട്ടതുപോലെ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും വിശ്വാസികൾ എതിർപ്പുകളും പീഡനങ്ങളും നേരിടുന്നുണ്ട്. എന്നാൽ ഭയത്തിന് കീഴടങ്ങാതെ പ്രത്യാശയോടെ മുന്നോട്ട് പോകാൻ ക്രിസ്തുവുമായുള്ള ആഴത്തിലുള്ള ബന്ധം ശക്തി നൽകും. ​ലോകത്തിന് ഇന്ന് ഏറ്റവും ആവശ്യം ക്രിസ്തു പകർന്നുനൽകിയ പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമാണെന്ന് വ്യക്തമാക്കിയാണ് മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web