യുദ്ധത്തിനും ആക്രമണങ്ങൾക്കും ഉപയോഗിക്കുന്ന വിഭവങ്ങളും സമ്പത്തും വികസനത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വിനിയോഗിക്കുക: ലിയോ പതിനാലാമൻ പാപ്പാ
യുദ്ധത്തിനും ആക്രമണങ്ങൾക്കും ഉപയോഗിക്കുന്ന വിഭവങ്ങളും സമ്പത്തും വികസനത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വിനിയോഗിക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ.
സെപ്റ്റംബർ ഒന്നാം തീയതി ആചരിക്കപ്പെടുന്ന "സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിന"ത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ തന്റെ സന്ദേശത്തിൽ, സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും ഇടയിലും, അതുവഴി പ്രകൃതിയിലും ഉത്തരവാദിത്വപരമായ രീതിയിൽ ഇടപെടാനും പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു.
ആയുധങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കി മാറ്റണമെന്ന്, ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിലെ "അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും" (ഏശയ്യാ 2, 4) എന്ന വചനത്തെ പരാമർശിച്ചുകൊണ്ട് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
നാശത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ജീവൻ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകാരണങ്ങളാക്കി മാറ്റേണ്ടത് സമകാലീനലോകത്തിന്റെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.