ഭിന്നശേഷി സംവരണം: മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍

കൊച്ചി: ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ എതിരുനില്ക്കുകയാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍.
എന്‍എസ്എസ് മാനേജ്മന്റ് മാത്രമാണ് ഭിന്നശേഷി സംബന്ധമായ നിയമങ്ങള്‍ പാലിക്കുന്നതെന്ന മന്ത്രിയുടെ വാക്കുകള്‍ സത്യവിരുദ്ധമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കേരള ഗവണ്മെന്റ് ഭിന്നശേഷി മേഖലയില്‍ സംവരണം തുടങ്ങുന്നതിനു മുന്‍പേ ഭിന്നശേഷിക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായുള്ള ഒഴിവുകള്‍ മാറ്റിവച്ചുകൊണ്ടു സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവര ണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പാലിച്ചുപോരുന്നുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ പൊതുജന സമക്ഷം വസ്തുതകള്‍ക്കു വിരുദ്ധമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന അപക്വവും രാഷ്ട്രീയ പ്രേരിതവും സാമുദായിക ചേരിതിരിവ് ഉണ്ടാക്കുവാന്‍ ലക്ഷ്യം വച്ച് നടത്തുന്നതുമാണെന്നു വിദ്യാഭ്യാസ കമ്മീഷന്‍ കുറ്റപ്പെടുത്തി.
ഈ വിഷയത്തില്‍ എന്‍എസ്എസിനു ലഭിച്ച സുപ്രീം കോടതി വിധിയില്‍ സമാന സ്വഭാവമുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും ഈ വിധി ബാധകമാക്കാം എന്നിരിക്കെ മറ്റുള്ളവരും സുപ്രീം കോടതിയില്‍ നിന്നും സമാന വിധി വാങ്ങണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പിടിവാശി നീതി നിഷേധമാണ്.
മേല്‍ പറഞ്ഞ സുപ്രീം കോടതി വിധിയോടെ കേരള സര്‍ക്കാരിന് തീരുമാനമെടുക്കാം എന്നിരിക്കെ വീണ്ടും കോടതിയില്‍ പോകണമെന്ന് ശഠിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഫലത്തില്‍ കേരള ഗവണ്‍മെന്റിന്റെ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്.
മാത്രമല്ല ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നും ക്രിസ്ത്യന്‍ മാനേജ്മന്റ് കണ്‍സോര്‍ഷ്യവും സമാനമായ വിധി നേടിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന.
നൂറുകണക്കിന് ദിവസവേതനക്കാരായ അധ്യാപകര്‍ക്ക് വേതനം ലഭിക്കാത്തതു പ്രധാന അധ്യാപകരുടെ കൃത്യവിലോപമാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും മന്ത്രി മാപ്പു പറയണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു.