രക്ഷാപ്രവര്‍ത്തനം പാളി; ചീട്ടുകളി കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: പണംവെച്ച് ചീട്ടുകളിച്ച വടകര പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വികാസിനെയാണ് റൂറല്‍ പോലീസ് മേധാവി മെറിന്‍ ജോസഫ് സസ്‌പെന്‍ഡ് ചെയതത്.
സേനയുടെ അന്തസ്സിനും അച്ചടക്കത്തിനും കടുത്ത മങ്ങലേല്‍പ്പിക്കുന്ന കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഇയാള്‍ക്കെതിരേ അന്വേഷണം നടത്താന്‍ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ക്ക് ചുമതല നല്‍കി.
കഴിഞ്ഞ ഞായറാഴ്ചാണ് കുറ്റ്യാടി വേളം പള്ളിയത്തുള്ള വീട്ടില്‍നിന്ന് ആറുപേരടങ്ങുന്ന ചീട്ടുകളിസംഘത്തെ കുറ്റ്യാടി പോലീസ് പിടികൂടിയത്. ഇതില്‍ വികാസിനെ ഒഴിവാക്കി ബാക്കി അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.
എന്നാല്‍, ഈ നടപടി വിവാദമായി. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ എസ്.പി. നാദാപുരം ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി. ആരോപണം ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് എസ്.പി.ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നത്.