പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് പേപ്പൽ ഫൗണ്ടേഷൻ പ്രതിനിധികൾ വത്തിക്കാനിൽ

 
Pepal foundation

ആഗോളതലത്തിൽ സഭയുടെ കാരുണ്യപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും പാവപ്പെട്ടവർക്കുള്ള സഹായങ്ങൾ ഉറപ്പാക്കുന്നതിനുമായി ‘ദ പേപ്പൽ ഫൗണ്ടേഷൻ’ പ്രതിനിധികൾ വത്തിക്കാനിൽ സന്ദർശനം നടത്തുന്നു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള പ്രതിനിധിസംഘമാണ് ഏപ്രിൽ 29 മുതൽ മെയ് രണ്ട് വരെ നീണ്ടുനിൽക്കുന്ന തീർഥാടനത്തിനായി റോമിലെത്തിയത്.

തീർഥാടനത്തിന്റെ ആദ്യദിനം റോമിലെ സെന്റ് മേരി ഓഫ് ദ ഏഞ്ചൽസ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആർച്ച്ബിഷപ്പ് ജെയിംസ് ചെക്കിയോ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഉത്ഥിതനായ ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരായി ജീവിക്കാനാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തുടർന്ന്, വത്തിക്കാൻ മാധ്യമവിഭാഗങ്ങളായ വത്തിക്കാൻ റേഡിയോ, വത്തിക്കാൻ ന്യൂസ് എന്നിവയും പ്രതിനിധിസംഘം സന്ദർശിച്ചു. വത്തിക്കാൻ വാർത്തകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എളുപ്പത്തിൽ ലഭ്യമാക്കുന്ന പുതിയ ‘വിജറ്റ്’ (Widget) സംവിധാനത്തെക്കുറിച്ച് അവർ ചർച്ചകൾ നടത്തി. സുവിശേഷപ്രഘോഷണത്തിന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ മാർപാപ്പയും അഭിനന്ദിച്ചിരുന്നു.


വികസ്വര രാജ്യങ്ങളിൽ മാർപാപ്പയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് 1988 ൽ സ്ഥാപിതമായ ഈ സംഘടനയുടെ പ്രാഥമിക ദൗത്യം. “പരിശുദ്ധ പിതാവിനെയും കത്തോലിക്കാ സഭയെയും സേവിക്കുക എന്നത് വലിയൊരു നിയോഗമാണ്. ഞങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളും കഠിനാധ്വാനവും വഴി ലോകത്തിന്റെ വിവിധ കോണുകളിലുള്ള ദരിദ്രരിലേക്ക് ക്രിസ്തുവിന്റെ സ്നേഹമെത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” എന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് വാർഡ് ഫിറ്റ്‌സ്‌ജെറാൾഡ് വ്യക്തമാക്കി. കഴിഞ്ഞ 18 മാസത്തിനുള്ളിൽ 27 പുതിയ ദാതാക്കൾ ഫൗണ്ടേഷന്റെ ഭാഗമായത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വലിയ ഊർജം നൽകിയിട്ടുണ്ട്.

കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി 270 ദശലക്ഷത്തിലധികം ഡോളറാണ് വിവിധ മാനുഷികപദ്ധതികൾക്കായി ഫൗണ്ടേഷൻ ചെലവഴിച്ചത്. 130 ലധികം രാജ്യങ്ങളിൽ വിദ്യാലയങ്ങൾ, അനാഥാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവ നിർമ്മിക്കുന്നതിനും ദുരിതബാധിതർക്ക് അടിയന്തരസഹായം എത്തിക്കുന്നതിനും ഈ തുക വിനിയോഗിച്ചു. കൂടാതെ, വി. ജോൺ പോൾ രണ്ടാമൻ സ്കോളർഷിപ്പ് വഴി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സഹായം നൽകാനും ഫൗണ്ടേഷന് സാധിച്ചു. വത്തിക്കാനിലേക്കുള്ള ഈ ഔദ്യോഗിക സന്ദർശനം ആഗോളസഭയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags

Share this story

From Around the Web