പ്രശസ്ത സുറിയാനി പണ്ഡിതന്‍ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ക്ക് മല്പാന്‍ പദവി

പാലാ:പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ കൂനമ്മാക്കല്‍ തോമാ കത്തനാരുടെ സംഭാവനകള്‍ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (SEEEI -St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് മല്പാന്‍ പദവി നല്‍കി ആദരിച്ചു. റൂബി ജൂബിലി (നാല്‍പതാം വാര്‍ഷികം) ആഘോഷിക്കുന്ന സീരിയല്‍ ദീര്‍ഘകാലം അധ്യാപകനും ഡീന്‍ ഓഫ് സ്റ്റഡീസും ആയിരുന്നു അദ്ദേഹം.
പാലാ രൂപതാ വൈദികനായ. കൂനമ്മാക്കല്‍ തോമാ കത്തനാര്‍, ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നും സുറിയാനി ഭാഷയില്‍ ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്.
സുറിയാനി സഭാചരിത്രത്തെപ്പറ്റിയും മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ഗ്രന്ഥങ്ങളും ലേഖന പരമ്പരകളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രശസ്ത സര്‍വകലാശാലകളില്‍ അധ്യാപനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. മലയാള ഭാഷ സുറിയാനി ലിപിയില്‍ എഴുതുന്ന പുരാതന സമ്പ്രദായമായ കര്‍ശോന്‍ രീതിയെപ്പറ്റി ഏറ്റവും ആധികാരികമായ രീതിയില്‍ പഠനം നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് തോമാ കത്തനാര്‍.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ അധ്യാപകനും പ്രസിദ്ധ സുറിയാനി പണ്ഡിതനുമായ സെബാസ്റ്റിയന്‍ ബ്‌റോക്കിന്റെ ശിഷ്യനുംകൂടിയാണ് അദ്ദേഹം.
കോട്ടയം ജില്ലയില്‍ കുറവിലങ്ങാട്, കാപ്പുംതലയില്‍ സുറിയാനി പഠന കേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനുമാണ് മല്പാന്‍ കൂനമ്മാക്കല്‍ തോമ കത്തനാര്‍.
സീരിയുടെ റൂബി ജൂബിലി ആഘോഷവേളയില്‍ സിറിയന്‍ കത്തോലിക്ക പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമന്‍ യോനാന്‍ ബാവായയാണ് മല്പാന്‍ പദവി പ്രഖ്യാപിച്ചത്. ഭാരതത്തിലെ വിവിധ പൗരസ്ത്യസഭകളില്‍ നിന്നും മെത്രാന്മാരും വൈദികരും അല്മായരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.