ടോള്‍ ബൂത്തുകള്‍ ഓര്‍മ്മയാകുന്നു? ഇനി തടസ്സമില്ലാത്ത യാത്ര. പണമടച്ചില്ലെങ്കില്‍ ഇരട്ടി പിഴ
രാജ്യത്തെ ദേശീയപാതകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ടോള്‍ ബൂത്തുകള്‍ നീക്കം ചെയ്ത് 'ഫ്രീ ഫ്‌ലോ' തടസ്സരഹിത ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
വാഹനങ്ങള്‍ നിര്‍ത്താതെ തന്നെ ടോള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ഈ പുതിയ രീതിയുടെ ഭാഗമായി ടോള്‍ നിയമങ്ങളില്‍ കടുപ്പമേറിയ പരിഷ്‌കാരങ്ങളാണ് വരുത്തിയിരിക്കുന്നത്. ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളും നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകളും ഉപയോഗിച്ചാണ് ടോള്‍ ഈടാക്കുക.
പണമടയ്ക്കാതെ പോകുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് സംവിധാനവും വാഹന്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചുള്ള നിരീക്ഷണവും കേന്ദ്രം ഉറപ്പാക്കും.
ഫാസ്ടാഗില്‍ ബാലന്‍സ് ഇല്ലാത്തതുമൂലമോ സാങ്കേതിക തകരാറുകള്‍ കാരണമോ ടോള്‍ അടയ്ക്കാതെ പോയാല്‍ അത് 'അണ്‍പെയ്ഡ് ടോള്‍' ആയി കണക്കാക്കും. ഇത്തരക്കാര്‍ക്ക് മൊബൈല്‍ സന്ദേശമായോ ഇ-മെയില്‍ വഴിയോ ഇ-നോട്ടീസ് ലഭിക്കും.
നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ കുടിശ്ശിക അടച്ചുതീര്‍ത്താല്‍ യഥാര്‍ത്ഥ ടോള്‍ തുക മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞും പണമടച്ചില്ലെങ്കില്‍ ടോള്‍ നിരക്കിന്റെ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരുമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. യാത്ര ചെയ്ത സ്ഥലം, തീയതി, വാഹനത്തിന്റെ വിവരങ്ങള്‍ എന്നിവയടക്കമാണ് നോട്ടീസ് അയക്കുക.
നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനിയാണ് ഈ നൂതന സംവിധാനം നടപ്പിലാക്കുന്നത്. യാത്രക്കാരുടെ സമയം ലാഭിക്കാനും ഇന്ധനനഷ്ടം കുറയ്ക്കാനും ടോള്‍ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാനും ഈ മാറ്റം സഹായിക്കും.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ സംവിധാനം വൈകാതെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ ദേശീയപാതകളിലെ യാത്രാനുഭവം കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.