ആരോഗ്യമന്ത്രിയെ വികൃതപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍. കായികമായി ആക്രമിക്കാന്‍ പോലും ശ്രമം: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം:കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വ്യക്തിപരമായി ആക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയതായി മന്ത്രി പറഞ്ഞു.
മന്ത്രിയെ പുലഭ്യം പറയുകയും വികൃതപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. പ്രതിപക്ഷം അങ്ങനെ ചെയ്യാന്‍ പാടില്ല. കോട്ടയത്തെ സംഭവം വിഷമകരമെന്ന് തുടക്കത്തില്‍ മുതല്‍ പറഞ്ഞിരുന്നുവെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
ബിന്ദുവിന്റെ മരണത്തിനിടയായ സംഭവത്തിന് പിന്നാലെ മൂന്ന് കാര്യങ്ങളിലായിരുന്നു പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതിനായിരുന്നു പ്രഥമ പരിഗണന.
കുടുംബത്തിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുക, യുദ്ധകാല അടിസ്ഥാനത്തില്‍ രോഗികളെ മാറ്റിപ്പാര്‍പ്പിക്കുക എന്നതിനാണ് പിന്നീട് പ്രാധാന്യം നല്‍കിയതെന്നും മന്ത്രി വിശദീകരിച്ചു. പൊതുജനാരോഗ്യരംഗം വലിയ രീതിയില്‍ വളര്‍ന്നുവരുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്.
മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പൊതുജനാരോഗ്യരംഗത്തേയ്ക്ക് വലിയ രീതിയില്‍ കടന്നുവരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയില്‍ സ്വകാര്യ മേഖലയുടെ സംഭാവന വലുതാണെന്നും മന്ത്രി പറഞ്ഞു.