സോഷ്യൽ മീഡിയയിൽ മതപരമായ വീഡിയോകൾ പങ്കുവച്ചു; ഈജിപ്തിൽ ക്രൈസ്തവ യുവാവിന് അഞ്ചു വർഷം തടവ്‌

 
4444

സോഷ്യൽ മീഡിയയിൽ ക്രിസ്തുമതവും ഇസ്‌ലാംമതവും തമ്മിൽ താരതമ്യം ചെയ്യുന്ന വീഡിയോകൾ പങ്കുവച്ച ഈജിപ്ഷ്യൻ ക്രൈസ്തവ യുവാവിന് അഞ്ച് വർഷം കഠിനതടവ് വിധിച്ചു. അഗസ്റ്റിനോസ് സമീൻ എന്ന യുവാവിനെയാണ് മതനിന്ദ, സോഷ്യൽ മീഡിയയുടെ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തി ഈജിപ്തിലെ കോടതി ശിക്ഷിച്ചത്.

​തന്റെ യൂട്യൂബ് ചാനലിലൂടെ ക്രിസ്തീയ മതപ്രചാരണ വീഡിയോകൾ പങ്കുവച്ചതിനെ തുടർന്ന് 2025 ഒക്ടോബർ ഒന്നിനാണ് സമീൻ അറസ്റ്റിലായത്. തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് കോടതി ഇയാൾക്ക് അഞ്ച് വർഷത്തെ പരമാവധി ശിക്ഷ വിധിച്ചത്. പ്രതിഭാഗം അഭിഭാഷകർക്ക് കേസ് ഫയലുകൾ പോലും പരിശോധിക്കാൻ നൽകാതെയായിരുന്നു കോടതി നടപടികൾ.

​ഈജിപ്ഷ്യൻ പീനൽ കോഡിലെ ആർട്ടിക്കിൾ 98 (എഫ്) പ്രകാരമാണ് സമീനെതിരെ കുറ്റം ചുമത്തിയത്. ഈ നിയമം വഴി രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സർക്കാർ അടിച്ചമർത്തുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റർനാഷണൽ ആരോപിക്കുന്നു. സമീന് വേണ്ടി ഹാജരാകുന്ന ഈ സംഘടന കഴിഞ്ഞ ഏപ്രിലിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.

​മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് ഈജിപ്ഷ്യൻ സർക്കാർ അന്താരാഷ്ട്ര വേദികളിൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലെ മതനിന്ദാ നിയമങ്ങൾ ക്രൈസ്തവർക്കെതിരെ വിവേചനപരമായാണ് ഉപയോഗിക്കപ്പെടുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. 2025 ഓഗസ്റ്റിന് ശേഷം സമാനമായ രീതിയിൽ നിരവധി ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ ഈജിപ്തിൽ ജയിലിലായിട്ടുണ്ട്.

Tags

Share this story

From Around the Web