മതപരമായ മൂല്യങ്ങളും സാമൂഹിക മാനദണ്ഡങ്ങളും കുട്ടികളിലെ വിഷാദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്
സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യക്തമായ മതപരമായ മൂല്യങ്ങളും ധാര്‍മ്മിക മാനദണ്ഡങ്ങളും കുട്ടികളിലും കൗമാരക്കാരിലും അനുഭവപ്പെടുന്ന ഉത്കണ്ഠയും കടുത്ത മാനസിക സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്.
കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിശ്വാസവും മതപരമായ അച്ചടക്കവും നല്‍കുന്ന സുരക്ഷിതത്വബോധം അവരുടെ മാനസികാരോഗ്യത്തെ ഗുണപരമായി സ്വാധീനിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
ലിയോനാര്‍ഡ് കോണ്‍സ്റ്റന്റീന്‍ കുലിഷ്, അന ലൊറേന ഡൊമിംഗസ് റോഹാസ്, സില്‍വിയ ഷ്‌നൈഡര്‍, ബാബറ്റ് വോയ്ഗ്റ്റ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഈ പഠനം, 1989-നും 2022-നും ഇടയിലുള്ള കാലയളവിലെ വിവരങ്ങളാണ് വിശകലനം ചെയ്തത്.
വേള്‍ഡ് വാല്യൂസ് സര്‍വേ, ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി, ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട്, ഫ്യൂച്ചര്‍ ഓഫ് ഫാമിലീസ് ആന്‍ഡ് ചൈല്‍ഡ് വെല്‍ബീയിംഗ് സ്റ്റഡി എന്നിവയില്‍ നിന്നുള്ള വിവരങ്ങളും രേഖകളുമാണ് ഇതിനായി ഉപയോഗിച്ചത്.
സോഷ്യല്‍ മീഡിയയുടെയും ആധുനിക ജീവിതശൈലിയുടെയും അമിതമായ ഉപയോഗം കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഒറ്റപ്പെടലും വിഷാദവും കുറയ്ക്കാന്‍ കുടുംബത്തിലും സമൂഹത്തിലുമുള്ള മതപരമായ കൂട്ടായ്മകള്‍ സഹായിക്കുന്നു.
ശരിയും തെറ്റും തിരിച്ചറിയാനുള്ള വ്യക്തമായ ധാര്‍മ്മിക അടിത്തറ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ജീവിതത്തിലെ പ്രതിസന്ധികളെ ഭയമില്ലാതെ നേരിടാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
പതിവായി പ്രാര്‍ഥനകളിലും മതപരമായ ചടങ്ങുകളിലും പങ്കാളികളാകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ വൈകാരിക സ്ഥിരതയും പങ്കുവെക്കല്‍ മനോഭാവവും കണ്ടുവരുന്നതായി ഗവേഷകര്‍ വ്യക്തമാക്കി.
ആധുനിക സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സുപ്രധാന പരിഹാരമായി വിശ്വാസത്തെയും സന്മാര്‍ഗിക അച്ചടക്കത്തെയും കാണണമെന്നും കുടുംബങ്ങളില്‍ ഇവ പ്രോത്സാഹിപ്പിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.