മതപരമായ മൂല്യങ്ങളും സാമൂഹിക മാനദണ്ഡങ്ങളും കുട്ടികളിലെ വിഷാദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം

 
sad

സമൂഹത്തിൽ നിലനിൽക്കുന്ന വ്യക്തമായ മതപരമായ മൂല്യങ്ങളും ധാർമ്മിക മാനദണ്ഡങ്ങളും കുട്ടികളിലും കൗമാരക്കാരിലും അനുഭവപ്പെടുന്ന ഉത്കണ്ഠയും കടുത്ത മാനസിക സമ്മർദവും കുറയ്ക്കാൻ സഹായിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വിശ്വാസവും മതപരമായ അച്ചടക്കവും നൽകുന്ന സുരക്ഷിതത്വബോധം അവരുടെ മാനസികാരോഗ്യത്തെ ഗുണപരമായി സ്വാധീനിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

ലിയോനാർഡ് കോൺസ്റ്റന്റീൻ കുലിഷ്, അന ലൊറേന ഡൊമിംഗസ് റോഹാസ്, സിൽവിയ ഷ്നൈഡർ, ബാബറ്റ് വോയ്ഗ്റ്റ് എന്നിവർ ചേർന്ന് നടത്തിയ ഈ പഠനം, 1989-നും 2022-നും ഇടയിലുള്ള കാലയളവിലെ വിവരങ്ങളാണ് വിശകലനം ചെയ്തത്. വേൾഡ് വാല്യൂസ് സർവേ, ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി, ഹ്യൂമൻ ഡെവലപ്‌മെന്റ് റിപ്പോർട്ട്, ഫ്യൂച്ചർ ഓഫ് ഫാമിലീസ് ആൻഡ് ചൈൽഡ് വെൽബീയിംഗ് സ്റ്റഡി എന്നിവയിൽ നിന്നുള്ള വിവരങ്ങളും രേഖകളുമാണ് ഇതിനായി ഉപയോഗിച്ചത്.

സോഷ്യൽ മീഡിയയുടെയും ആധുനിക ജീവിതശൈലിയുടെയും അമിതമായ ഉപയോഗം കുട്ടികളിൽ വർധിച്ചുവരുന്ന ഒറ്റപ്പെടലും വിഷാദവും കുറയ്ക്കാൻ കുടുംബത്തിലും സമൂഹത്തിലുമുള്ള മതപരമായ കൂട്ടായ്മകൾ സഹായിക്കുന്നു. ശരിയും തെറ്റും തിരിച്ചറിയാനുള്ള വ്യക്തമായ ധാർമ്മിക അടിത്തറ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുകയും ജീവിതത്തിലെ പ്രതിസന്ധികളെ ഭയമില്ലാതെ നേരിടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. പതിവായി പ്രാർഥനകളിലും മതപരമായ ചടങ്ങുകളിലും പങ്കാളികളാകുന്ന കുടുംബങ്ങളിലെ കുട്ടികൾക്കിടയിൽ കൂടുതൽ വൈകാരിക സ്ഥിരതയും പങ്കുവെക്കൽ മനോഭാവവും കണ്ടുവരുന്നതായി ഗവേഷകർ വ്യക്തമാക്കി.

ആധുനിക സമൂഹത്തിൽ കുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള സുപ്രധാന പരിഹാരമായി വിശ്വാസത്തെയും സന്മാർഗിക അച്ചടക്കത്തെയും കാണണമെന്നും കുടുംബങ്ങളിൽ ഇവ പ്രോത്സാഹിപ്പിക്കണമെന്നും പഠനം നിർദേശിക്കുന്നു.

Tags

Share this story

From Around the Web