പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മതപണ്ഡിതൻ മുഹമ്മദ് നിയാസ് ജൗഹരി കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തതായി സൂചന. അക്കാദമി കേന്ദ്രീകരിച്ച് വൻ സാമ്പത്തിക ഇടപാടുകൾ

 
muhammed rr

കൊല്ലം: പതിനാറുകാരിയായ പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ മതപ്രഭാഷകനും വ്ളോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. 

ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇയാളുടെ സ്ഥാപനമായ 'ഹബീബിയ്യ ഇസ്ലാമിക് അക്കാദമി' വഴി കോടികളുടെ വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതോടെ സ്ഥാപനവുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

നിലവിൽ പതിനാറുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ (POCSO), ബലാത്സംഗം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അക്കാദമി ഡയറക്ടറായ നിയാസ് ജൗഹരിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

സാമൂഹിക മാധ്യമങ്ങളിൽ അഞ്ചുലക്ഷത്തോളം ഫോളോവേഴ്സുള്ള ഇയാൾ, തന്റെ മതപരമായ സ്വാധീനം മറയാക്കിയാണ് അതിക്രമങ്ങൾ നടത്തിയത്. 

പരാതിക്കാരിയായ പെൺകുട്ടിയുടെ അച്ഛന്റെ അമ്മയുടെ ശരീരത്തിൽ ബാധിച്ചിട്ടുള്ള ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഇവരെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയത്.

തുടർന്ന് അവിടെവെച്ചും, താൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചും 2025 ഒക്ടോബർ, നവംബർ മാസങ്ങളിലായി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പീഡനവിവരം കുട്ടി സുഹൃത്തുക്കളോട് പങ്കുവെച്ചതിനെത്തുടർന്ന് വിവരമറിഞ്ഞ പോലീസ് നേരിട്ടെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അടിയന്തരമായി കേസെടുക്കുകയുമായിരുന്നു. 

കരുനാഗപ്പള്ളി എ.സി.പി ആർ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐ ജി. ഗോപകുമാർ, ഓച്ചിറ എസ്.എച്ച്.ഒ ഷമീർ, എസ്.ഐ വേണുഗോപാൽ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

കൂടുതൽ പെൺകുട്ടികൾ ഇയാളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടോയെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും വ്യക്തമാകുന്നതിനായി പ്രതിയുടെ മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് ഫോറൻസിക്-ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

Tags

Share this story

From Around the Web