മത, ഭാഷാ, സംസ്കാര വൈവിധ്യങ്ങൾ ഭീഷണിയല്ല, അവസരങ്ങളാണ്: കർദ്ദിനാൾ ഫ്രാൻസിസ്
സംസ്കാര, ഭാഷാ, മത വൈവിധ്യങ്ങൾ സമൂഹജീവിതത്തിന് ഭീഷണിയല്ലെന്നും, അവയെ അവസരങ്ങളായി കാണണമെന്നും, മലേഷ്യയിൽനിന്നുള്ള കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്. മലേഷ്യ, സിംഗപ്പൂർ, ബ്രൂണെ രാജ്യങ്ങളിലെ കത്തോലിക്കാസഭാമെത്രാന്മാരുടെ "അദ് ലിമിന" സന്ദർശനത്തിന്റെ ഭാഗമായി റോമിലെത്തിയ അവസരത്തിൽ മെയ് 18-ന് വത്തിക്കാൻ ന്യൂസിനനുവദിച്ച അഭിമുഖത്തിൽ, പെനാങ് അതിരൂപതാദ്ധ്യക്ഷൻ കൂടിയായ കർദ്ദിനാൾ ഫ്രാൻസിസ്, മതപീഡനങ്ങളുടെ നടുവിലും ക്രിസ്തുവിനെക്കുറിച്ച് എല്ലാവരോടും പ്രഘോഷിക്കാനുള്ള തങ്ങളുടെ വിളിയെക്കുറിച്ചും സംസാരിച്ചു.
തങ്ങളുടെ രാജ്യങ്ങളെക്കുറിച്ച് പരാമർശിക്കവെ, സിംഗപ്പൂരും ബ്രൂണെയും സാമ്പത്തികമായി വികസിച്ചവയാണെന്നും, അതേസമയം, മലേഷ്യ വികസനത്തിന്റെ പാതയിലാണെന്നും അനുസ്മരിച്ച പെനാങ് അതിരൂപതാദ്ധ്യക്ഷൻ, സ്ഥിരതയുള്ള സർക്കാരുകളുള്ള തങ്ങളുടെ രാജ്യങ്ങളിൽ, ഊർജ്ജസ്വലമായും സജീവമായും പ്രവർത്തിക്കാൻ തങ്ങളുടെ പ്രാദേശികസഭകൾക്ക് സാധിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. കത്തോലിക്കാവിശ്വാസം സ്വീകരിക്കുവാൻ തയ്യാറായി വരുന്ന മുതിർന്ന ആളുകൾ തങ്ങളുടെ അജപാലന പ്രവർത്തനങ്ങൾ ഉത്സാഹപൂർവ്വം തുടരാൻ തങ്ങൾക്ക് പ്രേരണ നൽകുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പ്രദേശത്ത് സഭ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കവെ, വിവിധ മതങ്ങളും സംസ്കാരങ്ങളും ഭാഷകളും ഇടകലർന്ന തങ്ങളുടെ രാജ്യങ്ങളിൽ, ഈ വ്യത്യസ്തതകളെ പ്രതിസന്ധികൾ എന്നതിനേക്കാൾ അവസരങ്ങളായി കാണാനാണ് പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളിലെ ഐക്യം ഒരു മുതൽക്കൂട്ടാണെന്നും, സമത്വം ഉണ്ടാകുകയെന്നതാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യയുടെ മറ്റു ഭാഗങ്ങളിൽ മതപരമായ ചില പ്രതിസന്ധികൾ ഉണ്ടെന്ന സത്യം പരാമർശിച്ച കർദ്ദിനാൾ ഫ്രാൻസിസ്, എന്നാൽ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും, ന്യൂനപക്ഷമെന്ന രീതിയിലോ, പീഡനങ്ങൾ നേരിടുന്ന സഭയെന്ന രീതിയിലോ ഇരമനോഭാവത്തിന്റെ കെണിയിൽപ്പെടാതിരിക്കാനും, ക്രിസ്തുവിനെ തുടർന്നും പ്രഘോഷിക്കാനുമാണ് പരിശ്രമിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.