മതസ്വാതന്ത്ര്യം ഭാരത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകം: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

 
mar rafel thattil



കാക്കനാട്: മതസ്വാതന്ത്ര്യം ഭാരത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകമാണെന്ന് സീറോ മലബാര്‍ സഭ. വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായപ്രേഷിതര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം പോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു.

 'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വത്തില്‍ അധിഷ്ഠിതമായി ജാതി-മത- വര്‍ഗ- വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സ്വാതന്ത്ര്യം അനുവദിച്ച സംസ്‌ക്കാരമാണു ഭാരതത്തിന്റേത്.

നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗം വരുത്താത്ത രീതിയില്‍ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ഭാരതത്തിന്റെ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. 

നൂറ്റാണ്ടുകളായി മിഷ്ണറി പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരുടെ ഉന്നമനത്തിനായി ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ ക്രൈസ്തവര്‍ നല്കിയ സംഭാവനകള്‍ പാടെ തമസ്‌കരിച്ച് അതിനെ കേവലം മതവിഷയം മാത്രമാക്കി ചുരുക്കുന്ന വര്‍ഗീയ അജണ്ടകള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്.

രാഷ്ട്രനിര്‍മാണത്തില്‍ ക്രൈസ്തവരുടെ പങ്കിനെ വിസ്മരിച്ചുകൊണ്ടു നമുക്കെതിരേ വിവേചനങ്ങളും വിദ്വേഷപ്രചാരണങ്ങളും നടക്കുന്നതും നമ്മുടെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ പ്രേഷിതര്‍ക്കും സഞ്ചാരസ്വാതന്ത്ര്യംപോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നതും മൗലികാവകാശങ്ങളുടെ ലംഘനമാണ്. 

മിശിഹായുടെ സ്‌നേഹത്തെപ്രതി തങ്ങളുടെ ജീവിതങ്ങള്‍ സഭയ്ക്കും സമൂഹത്തിനുമായി സമര്‍പ്പിക്കുന്ന എല്ലാ പ്രേഷിതരെയും സീറോമലബാര്‍ സഭ അഭിമാനത്തോടെ ഓര്‍ക്കുകയാണെന്നും ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു.

Tags

Share this story

From Around the Web