മതം യുദ്ധത്തിനുള്ള ആയുധമാക്കരുത്: മലേഷ്യയിലെ മതനേതാക്കളുടെ ഉച്ചകോടിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട്

ക്വാലാലംപൂര്‍: തങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നു വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനും മലയാളിയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്.
ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യത്തില്‍, 'സംഘര്‍ഷ പരിഹാരത്തില്‍ മതനേതാക്കളുടെ പങ്ക്' എന്ന വിഷയത്തില്‍, ഓഗസ്റ്റ് 28 വ്യാഴാഴ്ച മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന രണ്ടാം അന്താരാഷ്ട്ര മതനേതാക്കളുടെ ഉച്ചകോടിയില്‍ വത്തിക്കാനെ പ്രതിനിധീകരിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.
ലോകത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സമ്മേളനത്തിന്റെ പ്രമേയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നു പറഞ്ഞ കര്‍ദ്ദിനാള്‍ , അക്രമത്തിനും അന്യായമായ വിവേചനത്തിനുമെതിരെ ശബ്ദമുയര്‍ത്തുവാനും, സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന മൂലകാരണങ്ങളെ ധൈര്യത്തോടെ അഭിസംബോധന ചെയ്യുന്നതിനും മതനേതാക്കള്‍ക്കുള്ള കടമ ചൂണ്ടിക്കാണിച്ചു.
വിഭജനത്തിന് ആക്കം കൂട്ടുന്നതിനോ ആക്രമണത്തെ ന്യായീകരിക്കുന്നതിനോ ഉള്ള സൗകര്യപ്രദമായ ഉപകരണമായി മതത്തെ ചിലര്‍ പലപ്പോഴും ചൂഷണം ചെയ്യുന്നുണ്ട്.
ചില മതനേതാക്കന്മാര്‍ പ്രത്യക്ഷമായോ പരോക്ഷമായോ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുകയോ ജ്വലിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന കാര്യം നിഷേധിക്കുവാന്‍ സാധിക്കുകയില്ല.
മതതീവ്രവാദം, വംശീയ-മത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, കര്‍ക്കശമായ മൗലികവാദം തുടങ്ങിയ പ്രതിഭാസങ്ങളില്‍ ഇത് പ്രകടമാണ്. മതങ്ങളുടെ തത്വസംഹിതകളും, പാരമ്പര്യങ്ങളും, ചരിത്രങ്ങളും തിരുത്തിയെഴുതുവാനും ഇക്കൂട്ടര്‍ മടിക്കുന്നില്ല.
സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ഭാവി സൃഷ്ടിക്കുന്നതിനായി, ഭയത്തിന്റെയും അജ്ഞതയുടെയും വിദ്വേഷത്തിന്റെയും മതിലുകള്‍ തകര്‍ക്കുവാനുള്ള ധൈര്യം ഏവരും സംഭരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കാര്യാലയവും, മുസ്ലീം വേള്‍ഡ് ലീഗും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.