മതമല്ല വലുത് മനുഷത്വം; കല്യാണിയമ്മയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി റസാഖും കുടുംബവും
 

 
RASAK

വയനാട്: മൂപ്പൈനാട് പഞ്ചായത്തിലെ ചന്ദ്രഗിരിയില്‍ കല്യാണിയമ്മയുടെ സംസ്‌കാരച്ചടങ്ങുകള്‍ അയല്‍വാസികളായ റസാഖും അനുജന്‍ സുലൈമാനും ചേര്‍ന്ന് നടത്തിയ സംഭവം വലിയ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇതിനെ വെറുമൊരു മതസൗഹാര്‍ദത്തിന്റെ പേരില്‍ മാത്രം കാണാനാകില്ലെന്നാണ് റസാഖ് പറയുന്നത്.

19 വര്‍ഷമായി കല്യാണിയമ്മയെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് ചേര്‍ത്തുപിടിച്ചതെന്നും മറ്റൊരു മതത്തില്‍പ്പെട്ടയാളാണ് അമ്മയെന്ന കാര്യം മരണാനന്തര ചടങ്ങുകള്‍ നടത്തുമ്പോഴാണ് ഞങ്ങള്‍ പോലും ഓര്‍ത്തതെന്നും റസാഖ് വ്യക്തമാക്കി.


ചെറുപ്പം മുതല്‍ അയല്‍വാസിയായിരുന്ന കല്യാണിയമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് റസാഖും കുടുംബവും കണ്ടിരുന്നത്. ഭര്‍ത്താവും മക്കളുമില്ലാത്ത അമ്മയ്ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് പരിചരണങ്ങളും നല്‍കിയിരുന്നത് ഈ കുടുംബമായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ചതോടെ അവസാനകാലത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നാണ് പരിചരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.


86 വയസ്സുണ്ടായിരുന്ന കല്യാണിയമ്മ അതുവരെ പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും ബന്ധുക്കളാരും കൂടെയില്ലാതിരുന്ന അവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നത് ഈ കുടുംബമായിരുന്നുവെന്നും റസാഖ് വ്യക്തമാക്കി.


മരണശേഷം കല്യാണിയമ്മയുടെ ആഗ്രഹപ്രകാരം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളാണ് റസാഖും സഹോദരനും ചേര്‍ന്ന് നടത്തിയത്. മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്കും സ്‌നേഹത്തിനും കരുതലിനും പ്രാധാന്യം നല്‍കുന്ന ഈ സഹോദരങ്ങളുടെ പ്രവൃത്തി സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്.

Tags

Share this story

From Around the Web