സംസ്ഥാന സര്‍ക്കാരിന് ആശ്വാസം, നവ കേരള സര്‍വേക്ക് പച്ചകൊടി; സര്‍വേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
നവ കേരള സര്‍വേക്ക് പച്ചകൊടി. നവ കേരള സര്‍വേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. സുപ്രീംകോടതിയാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഇടപെടല്‍ സുപ്രീംകോടതി പരിശോധിക്കണം എന്ന് കേരളം ആവശ്യപ്പെട്ടു. കേരളത്തിനുവേണ്ടി കപില്‍ സിബല്‍ ആണ് ഹാജരായത്. സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മൂല്യനിര്‍ണയം നടത്തുന്നതില്‍ തെറ്റ് എന്താണെന്ന് സുപ്രീംകോടതി എതിര്‍ഭാഗത്തോട് ചോദിച്ചു.
സര്‍ക്കാരിന്റെ നവകേരള സര്‍വ്വേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഉന്നയിച്ചിരുന്നത്. സര്‍വ്വേയെ കുറിച്ച് സിപിഐഎമ്മിന് മുന്‍കൂര്‍ അറിവെന്നും, ഉത്തരവ് വരുന്നതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറി കേഡര്‍മാര്‍ക്ക് കത്ത് അയച്ചുവെന്നും ഹൈക്കോടതി കണ്ടെത്തി.വിഷയത്തില്‍ നല്‍കിയ സത്യാവങ് മൂലം തൃപ്തികരമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കത്ത്, പാര്‍ട്ടി കേഡര്‍മാരെ പോര്‍ട്ടലില്‍ നിറയ്ക്കാന്‍ പ്രാപ്തരാക്കിക്കൊണ്ട് പ്രസ്തുത പരിപാടി രഹസ്യമായി ഉപയോഗിക്കാനുള്ള ഒരു സംഘടിത ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണെന്നും നവകേരള സര്‍വ്വേ 'സ്‌പെഷ്യല്‍ PR ക്യാമ്പയിന്‍' എന്നുമാണ് കോടതിയുടെ നിരീക്ഷണം.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സര്‍വ്വേക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. സിപിഐഎം - എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് സര്‍വ്വേ വോളന്റീയര്‍മാരായി തീരുമാനിച്ചത്. ഇതിനെതിരെയാണ് കെഎസ്യു നേതാക്കളായ അലോഷ്യസ് സേവ്യര്‍, മുബാസ് എന്നിവര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.
സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതുഗജനാവിലെ പണം ഉപയോഗിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്. പദ്ധതിയ്ക്ക് പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചു. തുടര്‍ന്നാണ് സര്‍വ്വേ റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് ഹൈക്കോടതി കടന്നത്. നവകേരള സര്‍വ്വേ പദ്ധതിക്ക് ബജറ്റ് അലോക്കേഷനോ ധനകാര്യ അനുമതിയോ ഇല്ല എന്ന് കോടതി നീരീക്ഷിച്ചു. സര്‍വ്വേ നിയമവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ബെഞ്ച് വ്യക്തമാക്കി.