ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് നേരിട്ട് കെ.എസ്.ആര്‍.ടി.സി എ.സി ബസ് സര്‍വീസുകള്‍

 
sabarimala


തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വിമാനമാര്‍ഗ്ഗമെത്തുന്ന ഭക്തര്‍ക്കായി യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് നേരിട്ട് എ.സി ബസ് സര്‍വീസുകള്‍ ആരംഭിക്കും.

 കെ.എസ്.ആര്‍.ടി.സി അധികൃതരും എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികളും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണാണ് ഈ പുതിയ സര്‍വീസുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാത്രി 9:30-നാണ് പമ്പയിലേക്കുള്ള ബസ് പുറപ്പെടുക. തിരികെ വൈകിട്ട് 7:00 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് മടക്ക സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രാത്രി 8:30-ന് പമ്പയിലേക്കും, തിരികെ വൈകിട്ട് 7:00-ഓടെ എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തുന്ന വിധത്തിലും ബസുകള്‍ സര്‍വീസ് നടത്തും. വിമാനമാര്‍ഗ്ഗമെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനും വിരിവെയ്ക്കാനുമുള്ള പ്രത്യേക സൗകര്യങ്ങള്‍ ഇരു വിമാനത്താവളങ്ങളിലും ഒരുക്കും.


യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിമാന ടിക്കറ്റ് ബുക്കിങ് സൈറ്റുകള്‍ വഴിയും ഈ ബസുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. വിമാന ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകളില്‍ കെ.എസ്.ആര്‍.ടി.സി ലിങ്ക് ലഭ്യമാക്കും. ഇതിനുപുറമെ സംഘമായി എത്തുന്ന ഭക്തര്‍ക്കായി ഗ്രൂപ്പ് ചാര്‍ട്ടേഡ് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാന്‍ ഇരു വിമാനത്താവളങ്ങളിലെയും ഫ്‌ലൈറ്റ് സമയവിവരങ്ങള്‍ തത്സമയം പമ്പ ബസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കാനും ധാരണയായിട്ടുണ്ട്.

Tags

Share this story

From Around the Web