കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസം! 5 കിലോ എൽപിജി സിലിണ്ടർ വിഹിതം കേന്ദ്രം ഇരട്ടിയാക്കി
രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് പാചകവാതകം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്കുള്ള 5 കിലോ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകളുടെ വിഹിതം ഇരട്ടിയാക്കാൻ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ മാർച്ചിലെ ശരാശരി വിതരണക്കണക്കുകൾ പരിഗണിച്ചാണ് ഈ വർദ്ധനവ്. സംസ്ഥാന സർക്കാരുകളുടെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകൾ വഴി എണ്ണക്കമ്പനികളുടെ സഹകരണത്തോടെയായിരിക്കും ഇവ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമായി വിതരണം ചെയ്യുക.
സിലിണ്ടറുകൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സർക്കാർ വലിയ ഇളവുകൾ വരുത്തിയിട്ടുണ്ട്. ഇനി മുതൽ വിലാസം തെളിയിക്കുന്ന രേഖകൾ ഇല്ലാതെ തന്നെ കുടിയേറ്റ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ദിവസവേതനക്കാർക്കും സിലിണ്ടറുകൾ സ്വന്തമാക്കാം. ഏതെങ്കിലും ഒരു ഔദ്യോഗിക തിരിച്ചറിയൽ കാർഡും താമസസ്ഥലം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പത്രവും നൽകിയാൽ എൽപിജി വിതരണക്കാരെ സമീപിക്കാം. പാചക ആവശ്യങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കൂ എന്ന സത്യവാങ്മൂലവും ഇതിനൊപ്പം നൽകേണ്ടതുണ്ട്.
Also Read: ആഗോള അനിശ്ചിതത്വവും പണപ്പെരുപ്പ ഭീഷണിയും; ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റിയേക്കില്ല
നിലവിൽ എൽപിജി കണക്ഷനില്ലാത്ത പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്ഥിരമായ വിലാസമില്ലാത്തതിന്റെ പേരിൽ പാചകവാതകം ലഭിക്കാൻ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് ഓൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ വ്യക്തമാക്കി. അതേസമയം, ഈ ആനുകൂല്യം ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോളതലത്തിൽ ഊർജ്ജ വിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ മുൻകരുതൽ നടപടി. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഖരം ഉണ്ടെന്ന് സർക്കാർ ഉറപ്പുനൽകുന്നു. പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും, സാധാരണക്കാർക്ക് തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.