പ്രദേശവാസികള്‍ക്ക് ആശ്വാസം; ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്ത്തിയ വമ്പന്‍ മുതല വലയിലായി
കന്യാകുമാരി: തിര്‍പ്പറപ്പിന് സമീപമുള്ള കോതയാറില്‍ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല ഒടുവില്‍ പിടിയിലായി. ഇന്ന് രാവിലെയോടെ നിലക്കല്‍ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ച വലയില്‍ മുതല കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് മുതലയെ കാണാനായി ഇവിടെ തടിച്ചുകൂടിയത്. മാസങ്ങള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ മുതല പിടിയിലായത് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥാപിച്ച വലയിലാണ് മുതല കുടുങ്ങിയത്. ഏഴ് മാസം മുന്‍പാണ് കോതയാറ്റില്‍ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും.
തുടര്‍ന്ന് മുതലയെ പിടികൂടാനായി വനംവകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു. കോഴിയെയും ആടിനെയും ഇരയായി വച്ച് കെണിയൊരുക്കിയെങ്കിലും മുതല പിടിക്കൊടുക്കാതെ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പ്രത്യേക സംഘം പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുകയും മുതലയുടെ സഞ്ചാരപഥങ്ങളില്‍ വലകള്‍ സ്ഥാപിക്കുകയും ചെയ്തു. വലയില്‍ കുടുങ്ങിയ 300 കിലോയോളം തൂക്കമുള്ള മുതലയെ കൂടുതല്‍ വലകള്‍ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാര്‍ കരയ്ക്കെത്തിച്ചു. തുടര്‍ന്ന് സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.