യുദ്ധപ്രതിസന്ധിക്കിടയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; സാഹചര്യം അനുസരിച്ച് സര്‍വീസുകള്‍ ഉണ്ടാകും! ഇന്‍ഡിഗോ

 
INDIGO


ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ യാത്രാദുരിതം നേരിടുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായി വിമാനക്കമ്പനികളുടെ പുതിയ പ്രഖ്യാപനം. 

നിലവിലെ സാഹചര്യം പരിഗണിച്ച് മസ്‌കത്ത്, ജിദ്ദ, മദീന, യുഎഇ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. 

ഇതിനുപുറമെ, ഷാര്‍ജയില്‍ നിന്ന് മസ്‌കത്ത് വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിച്ചതും ഒമാന്‍ വഴി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് വലിയ തുണയാകും.

നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും തീരുമാനിച്ചിട്ടുണ്ട്. 


മാര്‍ച്ച് 3 മുതല്‍ മസ്‌കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തും. 

സംഘര്‍ഷം മൂലം യാത്രകള്‍ മുടങ്ങിയിരുന്ന പ്രവാസികള്‍ക്ക് കൃത്യസമയത്ത് നാട്ടിലെത്താന്‍ ഈ തീരുമാനം ഏറെ സഹായകമാകും.


അതേസമയം, ഗള്‍ഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 

ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണ പ്രത്യാക്രമണങ്ങള്‍ മേഖലയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയായ ഊര്‍ജ്ജ-വ്യാപാര പാതകള്‍ തടസ്സപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായി തുടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

Tags

Share this story

From Around the Web