മകന്റെ ഹർജി തള്ളി, അമ്മയെ പരിപാലിക്കാത്ത മകന്‍ മനുഷ്യനല്ല; ഹൈക്കോടതി

കൊച്ചി: സ്വന്തം അമ്മയെ പരിപാലിക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് കേരളാ ഹൈക്കോടതി. കൊല്ലം സ്വദേശിയായ മകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നൂറ് വയസ്സായ അമ്മയ്ക്ക് മകന്‍ മാസം 2000 രൂപ വീതം ജീവനാംശം നല്‍കണമെന്ന കൊല്ലം കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ടാണ് യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയത്.
ജീവനാംശം നല്‍കാന്‍ അമ്മയ്ക്ക് മറ്റ് മക്കള്‍ ഉളളതിനാല്‍ താന്‍ ജീവനാംശം നല്‍കേണ്ടതില്ല എന്ന മകന്റെ വാദം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. യുവാവ് ഹര്‍ജി നല്‍കുന്ന സമയത്ത് അമ്മയ്ക്ക് 92 വയസ്സായിരുന്നു. ഇപ്പോള്‍ അമ്മയ്ക്ക് നൂറ് വയസ്സാണ്.
മകനില്‍ നിന്നും സഹായ സംരക്ഷണം ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് അമ്മയ്ക്ക്. 2000 രൂപ അമ്മയ്ക്ക് നല്‍കാന്‍ പോരാടുന്ന മകനുളള സമൂഹത്തില്‍ ജീവിക്കുന്നത് അപമാനമായി കരുതുന്നെന്നും കോടതി നീരിക്ഷിച്ചു. എന്നാല്‍ അമ്മ തനിക്കൊപ്പം താമസിക്കാന്‍ തയ്യാറാണെങ്കില്‍ കൂടെ കൂട്ടാന്‍ തയ്യാറാണെന്ന് മകന്‍ കോടതിയെ അറിയിച്ചു. അമ്മയ്ക്ക് എതിരായല്ല കേസ് നടത്തിയിരുന്നത്. സ്വാർത്ഥ താല്‍പര്യം മൂലം സഹോദരന് എതിരെയായിരുന്നു കേസെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.