രജിസ്ട്രാര്‍ക്ക് പദവിയില്‍ തുടരാം, തടസമില്ല, വിസിയുടേത് അധികാര ദുര്‍വിനിയോഗം: മന്ത്രി ആര്‍ ബിന്ദു

 
BINDHU


തിരുവനന്തപുരം:രജിസ്ട്രാര്‍ക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു. വിസിയുടേത് അധികാര ദുര്‍വിനിയോഗമാണെന്നും മന്ത്രി വിമര്‍ശിച്ചു. നിയമോപദേശം തേടിയ ശേഷം സര്‍ക്കാരും കോടതിയെ സമീപിക്കും. യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷാത്മകമായ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് മാറിനില്‍ക്കാമായിരുന്നു. ചിത്രമെങ്കിലും മാറ്റമായിരുന്നു. മതേതര ചിന്തയോടെയാണ് പുതിയ തലമുറ വളരേണ്ടത്. സര്‍വകലാശാലകള്‍ മതേതരമാണ്. 

നിലവിലെ നടപടി നിയമ വിരുദ്ധമാണെന്നും നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്നും മന്ത്രി വിശദമാക്കി. ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ വി സി ഡോ. മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.

സെനറ്റ് ഹാളില്‍ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ ഇടപെടലിന് ആധാരം. സര്‍വകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയി. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
 

Tags

Share this story

From Around the Web