വിവാഹത്തിന് വിസമ്മതിച്ചു; 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് യുവതിയെ തള്ളിയിട്ടെന്ന് ആരോപണം, കാമുകന്‍ അറസ്റ്റില്‍

 
KAMUKAN


മുംബൈ: അഞ്ച് വര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച യുവതിയെ മഹാരാഷ്ട്രയിലെ കോലാപൂരില്‍ 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് ആരോപണം. ഗാര്‍ഗോട്ടി സ്വദേശിനിയും മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയുമായ തരംനു നായിക് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകന്‍ ശ്രീപദ് വഡാറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ ഒമ്പതിന് ഭൂദര്‍ഗഡ് താലൂക്കിലെ പാട്ഗാവ് ഗ്രാമത്തിനടുത്തുള്ള വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം നടന്നത്.

തരംനുവും ശ്രീപദും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ നാല് മാസം മുമ്പ് തരംനുവിന്റെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ശ്രീപദില്‍നിന്ന് അകന്നുനില്‍ക്കാന്‍ യുവതി ശ്രമിച്ചിരുന്നതായാണ് വിവരം. ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിക്കാനായി വിവാഹത്തിന് മുമ്പുള്ള അവസാന കൂടിക്കാഴ്ചയെന്നു പറഞ്ഞാണ് ശ്രീപദ് തരംനുവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ചും ഈ ബന്ധം തുടരാനാകില്ലെന്ന് തരംനു വ്യക്തമാക്കിയതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് നായക്വാഡി വെള്ളച്ചാട്ടത്തിനടുത്തുള്ള കൊക്കയിലേക്ക് യുവതിയെ തള്ളിയിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.


സംഭവത്തിനുശേഷം വീട്ടിലെത്തിയ ശ്രീപദ് തരംനുവിനെ കാണാനില്ലെന്ന് വീട്ടുകാരോട് പറഞ്ഞു. താന്‍ വെള്ളം എടുക്കാന്‍ പോയ സമയത്താണ് യുവതിയെ കാണാതായതെന്നും ഇയാള്‍ അവകാശപ്പെട്ടു. പൊലീസിനോടും സമാനമായ മൊഴിയാണ് നല്‍കിയത്. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ലെന്നും കുറ്റം സമ്മതിച്ചെന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊക്കയില്‍നിന്ന് തരംനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതും ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനവും സംഭവത്തിന്റെ പശ്ചാത്തലമായെന്നാണ് ലഭിക്കുന്ന വിവരം. കുറ്റസമ്മതത്തെത്തുടര്‍ന്ന് ശ്രീപദ് വഡാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. പ്രണയബന്ധത്തിലെ തര്‍ക്കം ഗുരുതരമായ അക്രമത്തിലേക്ക് നീങ്ങിയെന്ന ഈ കേസ് സ്ത്രീകളുടെ സുരക്ഷയും ബന്ധങ്ങളിലെ സമ്മതവും സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വീണ്ടും പ്രാധാന്യം നല്‍കുന്നു.

Tags

Share this story

From Around the Web