മാനുഷിക ഇടനാഴികളിലൂടെ അഭയാർത്ഥികൾ വീണ്ടും ഇറ്റലിയിലേക്ക്

സാന്ത് ഏജിദിയോ സമൂഹത്തിന്റെ നേതൃത്വത്തില്‍ നിയമപരമായ മാനുഷിക ഇടനാഴികളിലൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നും 119 അഭയാര്‍ത്ഥികളെ ഇറ്റലിയില്‍ സ്വീകരിക്കും. റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിലാണ്, ഇസ്ലാമാബാദില്‍ നിന്നുമെത്തുന്ന വിമാനം എത്തിച്ചേരുന്നത്. സാന്ത് ഏജിദിയോ സമൂഹത്തിന്റെ പ്രസിഡന്റ് ആന്‍ഡ്രിയ റിക്കാര്‍ഡിയും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും വിമാനത്താവളത്തില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കും.
ഈ അഭയാര്‍ത്ഥികള്‍, 2021 ഓഗസ്റ്റില്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തവരാണ്. തുടര്‍ന്ന്, മധ്യ ഇസ്ലാമാബാദിലെ അനൗപചാരിക ക്യാമ്പുകളിലും താല്‍ക്കാലിക ഷെല്‍ട്ടറുകളിലും ഏകദേശം നാല് വര്‍ഷം വളരെ അപകടകരമായ സാഹചര്യങ്ങളില്‍ താമസിച്ചുവരവെയാണ്, കരുണയുടെ കരവുമായി സാന്ത് ഏജിദിയോ സമൂഹം എത്തുന്നത്.
കാബൂളിന്റെ പതനത്തിനു ശേഷം ഇതുപോലെ പതിനായിരക്കണക്കിന് ആളുകളാണ് അയല്‍രാജ്യങ്ങളിലേക്ക് ഓടിപ്പോയത്. പുനഃരധിവാസത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ചുകഴിയുകയാണ് ഇവര്‍.
യുദ്ധം, പട്ടിണി, വിവേചനം, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ ഓടിപ്പോകുമ്പോള്‍, നിയമവിരുദ്ധ വ്യാപാരങ്ങള്‍ക്കും മനുഷ്യക്കടത്തിനും ഇരകളാകാന്‍ സാധ്യതയുള്ള പ്രായപൂര്‍ത്തിയാകാത്ത യുവജനങ്ങളെ സംരക്ഷിക്കുവാനും മെച്ചപ്പെട്ട ജോലിസാധ്യതകള്‍ അവര്‍ക്കു നേടിക്കൊടുക്കുവാനും ഇപ്രകാരമുള്ള മാനുഷിക ഇടനാഴികള്‍ ഏറെ സഹായകരമാണ്.