റീലുകള്‍ വൈറലാക്കാം, ഫോളോവേഴ്‌സിനെ കൂട്ടാം...; ഇന്‍ഫ്‌ലുവന്‍സറെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി

 
DELHIPOLICE


ന്യൂഡല്‍ഹി: റീലുകള്‍ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിച്ചുനല്‍കാമെന്നും വാഗ്ദാനം ചെയ്ത് ബിഹാറിലെ മുസാഫര്‍പൂരിലേക്ക് വിളിച്ചുവരുത്തിയ ഡല്‍ഹി സ്വദേശിയായ പ്രമുഖ സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 


രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയായ യുവതിയാണ് പരാതിക്കാരി. മുസാഫര്‍പുര്‍ എസ്‌കെഎംസിഎച്ച് സെക്ടര്‍ ആസ്ഥാനത്ത് ജോലി ചെയ്യുന്ന എസ്എസ്ബി എഎസ്‌ഐ വികാസ് കുമാറിനും ഇയാളുടെ കൂട്ടാളി രാജീവ് റായിക്കുമെതിരെയാണ് പരാതി.

യുവതിയുടെ പരാതിപ്രകാരം, വികാസ് കുമാറിന്റെ ക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് രണ്ട് വയസ്സുള്ള കുഞ്ഞിനൊപ്പം യുവതി മുസാഫര്‍പുരിലെത്തിയത്.

 റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഹോട്ടലിലായിരുന്നു താമസം ഒരുക്കിയത്. ഇവിടെവച്ച് രാജീവ് റായ് യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് ആരോപണം. 

തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി എഎസ്‌ഐ വികാസ് കുമാറുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്നും യുവതി പറയുന്നു. എതിര്‍ത്തപ്പോള്‍ രണ്ട് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷവും പ്രതികള്‍ ഫോണിലൂടെ യുവതിയെ ശല്യം ചെയ്തതായാണ് പരാതി. നഗ്‌നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏകദേശം 20,000 രൂപ തട്ടിയെടുത്തതായും യുവതി ആരോപിച്ചു. മാനസികമായി തകര്‍ന്ന യുവതി ഒടുവില്‍ ഭര്‍ത്താവിനോട് വിവരങ്ങള്‍ പറയുകയായിരുന്നു.

 തുടര്‍ന്ന് എസ്എസ്ബി ആസ്ഥാനത്ത് ഓണ്‍ലൈനായി പരാതി നല്‍കിയതിനെത്തുടര്‍ന്ന് മൊഴി രേഖപ്പെടുത്താന്‍ യുവതിയെ മുസാഫര്‍പുരിലേക്ക് വിളിപ്പിച്ചു.

 എന്നാല്‍ പരാതി പിന്‍വലിക്കണമെന്നും മൊഴി മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി മുസാഫര്‍പുര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് കാന്തേഷ് കുമാര്‍ മിശ്ര അറിയിച്ചു. ഇതിനിടെ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിന്നുള്ള മറ്റൊരു യുവതിയും പ്രതികള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. 

സമൂഹമാധ്യമ വിഡിയോകള്‍ക്ക് താഴെ മോശം കമന്റുകള്‍ രേഖപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ആരോപിച്ച് ഇവര്‍ മുസാഫര്‍പുരിലെ അഹിയാപുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

 ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട ലൈംഗിക അതിക്രമക്കേസ് ഗൗരവത്തോടെയാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Tags

Share this story

From Around the Web