വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്‍റെ കുറവ്. സംസ്ഥാനത്ത് വൈകുന്നേരം ആറിനും രാത്രി 12നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കെഎസ്ഇബി. ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ വൻ കുറവ്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്‍റെ കുറവ് രേഖപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് വൈകുന്നേരം ആറിനും രാത്രി 12നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.
മഴക്കാലമായതിനാൽ തന്നെ ജൂൺ, ജൂലെെ മാസങ്ങളിൽ സാധാരണയായി വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാൽ, ഇത്തവണ അസാധാരണമായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തെ വരിഞ്ഞുമുറുക്കാനൊരുങ്ങിനിൽക്കുന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പസഫിക് സമുദ്രത്തിലെ എൻനിനോ പ്രതിഭാസം രൂപപ്പെട്ടതിനെ തുടർന്ന് അന്തരീക്ഷ താപനില ഉയർന്നുനിൽക്കുകയാണെന്നും ഇത് കാരണം വടക്കൻ സംസ്ഥാനങ്ങളിലെല്ലാം കടുത്ത ചൂട് നിലനിൽക്കാൻ കാരണമായിട്ടുണ്ടെന്നും നേരത്തെ കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിരുന്നു.
ഇത് ഉയർന്ന വൈദ്യുതി ഉപഭോഗത്തിലേക്ക് കൊണ്ടെത്തിക്കുകയും വൈദ്യുതി ലഭ്യത കുറയുകയും ചെയ്തെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
ഈ സാഹചര്യം സംസ്ഥാനത്തെയും ബാധിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്നെ വൈകുന്നേരം ആറിനും രാത്രി 12നും ഇടയിൽ വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്നും കെഎസ്ഇബി അറിയിച്ചു.
സമീപകാലങ്ങളിലായി രാജ്യമെമ്പാടുമുള്ള സംസ്ഥാനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന വൈദ്യുതിക്ഷാമം കേരളത്തെയും പതിയെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.