ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും; അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് വരെ നാളെ അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടര്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്റ്റ് 7) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍.
ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി ഇറങ്ങിയിട്ടില്ല. ക്യാമ്പുകള്‍ കൂടുതലുള്ളതും തിരുവല്ലയിലാണ്. നദികളിലും ഡാമുകളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞു.
എം സി റോഡ് പോലെ പ്രധാന റോഡുകളിലെ പ്രധാന റോഡുകളില്‍ ഗതാഗത തടസ്സവുമില്ല. അതേസമയം മേഖലയില്‍ ഉള്‍പ്പടെ ജാഗ്രത തുടരുകയാണ്.
മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുകളുണ്ട്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
ബാക്കിയിടത്ത് യെല്ലോ അലര്‍ട്ടും ഉണ്ട്. നാളെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.