ടിക്കറ്റ് വിലയില്‍ റെക്കോര്‍ഡ്; ലോകകപ്പ് ഫൈനല്‍ കാണാന്‍ ലക്ഷങ്ങള്‍ പൊടിക്കണം
ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനലിന് കളമൊരുങ്ങി.
അര്‍ജന്റീനയും സ്പെയിനും തമ്മിലുള്ള സ്വപ്ന ഫൈനല്‍ പോരാട്ടത്തിന് ന്യൂജെഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുമ്പോള്‍, സ്റ്റേഡിയത്തിനുള്ളില്‍ കളി കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് അത് കനത്ത സാമ്പത്തിക ബാധ്യതയാകുന്നു. ടിക്കറ്റ് വിപണിയിലെ ഭീമമായ തുകയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം.
ഫിഫ നിശ്ചയിച്ച ടിക്കറ്റ് നിരക്കുകള്‍ക്ക് പുറമേ, റീസെയില്‍ പ്ലാറ്റ്ഫോമുകളിലെ വില വര്‍ധനവ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ 24,000 ഡോളറോളം (ഏകദേശം 23 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്ക് പോലും 8,900 ഡോളര്‍ (ഏകദേശം എട്ടര ലക്ഷം രൂപ) മുടക്കണം.
പ്രമുഖ ടിക്കറ്റ് പ്ലാറ്റ്ഫോമുകളുടെ കണക്കുപ്രകാരം, ഫൈനല്‍ മത്സരത്തിന്റെ ശരാശരി ടിക്കറ്റ് വില 11,327 ഡോളറാണ് (ഏകദേശം 9.5 ലക്ഷം രൂപ). അമേരിക്കയില്‍ നടക്കുന്ന ഒരു കായിക മത്സരത്തിന് ഈടാക്കുന്ന എക്കാലത്തെയും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണിത്.
2024-ല്‍ നടന്ന സൂപ്പര്‍ ബോള്‍ ഫൈനലിലെ ശരാശരി ടിക്കറ്റ് വിലയായ 9,411 ഡോളര്‍ എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.
ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ആരാധകര്‍ പണം വാരിയെറിയാന്‍ തയ്യാറായതോടെ ടിക്കറ്റ് വിപണിയില്‍ കനത്ത മത്സരമാണ് നടക്കുന്നത്.