ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

 
holy bible



ലണ്ടന്‍: മാനസിക സമ്മര്‍ദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തില്‍ ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 

പ്രമുഖ ഡിജിറ്റല്‍ ബൈബിള്‍ പ്ലാറ്റ്ഫോമായ 'യുവേര്‍ഷന്‍'പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകമെമ്പാടും പ്രതിദിനം ഏകദേശം 1.85 കോടി (18.5 മില്യണ്‍) ആളുകളാണ് യുവേര്‍ഷന്‍ ബൈബിള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തില്‍ 13 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

'ഉത്കണ്ഠ', 'പ്രതീക്ഷ', 'സൗഖ്യം' എന്നിവയാണ് ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പദങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദൈവീക സംരക്ഷണം പ്രത്യേകം പ്രമേയമാകുന്ന സങ്കീര്‍ത്തനം 91 ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വിശുദ്ധ ഗ്രന്ഥഭാഗം. ജീവിതത്തിലെ വെല്ലുവിളികള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ആളുകള്‍ തിരുവചനത്തിലേക്ക് മടങ്ങിയെത്തുന്നു എന്നതിന്റെ തെളിവാണ് ഉപയോക്താക്കളുടെ വര്‍ദ്ധനവെന്നു യുവേര്‍ഷന്‍ സ്ഥാപകനും സി.ഇ.ഒയുമായ ബോബി ഗ്രൂണ്‍വാള്‍ഡ് വ്യക്തമാക്കി.

യുകെയില്‍ വിശ്വാസത്തോടും ആത്മീയതയോടുമുള്ള താല്‍പ്പര്യം ശക്തമായി വളരുകയാണെന്നും അത് സഭകളുമായും കൂട്ടായ്മകളെയും ബന്ധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും യുവേര്‍ഷന്‍ കോര്‍ഡിനേറ്ററായ എറിന്‍ ഗാര്‍ഡ്‌നര്‍ പറഞ്ഞു. 

കഴിഞ്ഞ നവംബറോടെ ലോകമെമ്പാടും 100 കോടി ഡിവൈസുകളില്‍ ഇന്‍സ്റ്റാളേഷന്‍ നടത്തിയ ആപ്ലിക്കേഷന്‍ 16 കോടിയിലധികം പുതിയ ഡൗണ്‍ലോഡുകള്‍ രേഖപ്പെടുത്തി മുന്നേറുകയാണ്. നവംബറില്‍ ബൈബിള്‍ മാസാചരണത്തിന്റെ ഭാഗമായി 30 ദിവസത്തെ ബൈബിള്‍ വായനാ ചലഞ്ചും ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും പ്രമുഖ നഗര കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ ബൈബിള്‍ വാക്യ പ്രദര്‍ശനങ്ങളും യൂവേര്‍ഷന്‍ ഒരുക്കും.

Tags

Share this story

From Around the Web