സംഘർഷം മൂലം പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്
ലോകമെമ്പാടും സംഘർഷങ്ങളും അക്രമങ്ങളും മൂലം സ്വന്തം രാജ്യത്തിനകത്ത് പലായനം ചെയ്യേണ്ടി വന്നവരുടെ എണ്ണത്തിൽ 2025-ൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഇന്റേണൽ ഡിസ്‌പ്ലേസ്‌മെന്റ് മോണിറ്ററിംഗ് സെന്റർ (IDMC) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. ചരിത്രത്തിലാദ്യമായി, പ്രകൃതിദുരന്തങ്ങളെക്കാൾ കൂടുതൽ ആളുകൾ യുദ്ധവും സംഘർഷവും മൂലമാണ് വീടുവിട്ടിറങ്ങേണ്ടി വന്നത്.
2025 അവസാനത്തോടെ 32.3 ദശലക്ഷം ആളുകൾ സംഘർഷങ്ങൾ കാരണം ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. ഇത് മുൻവർഷത്തേക്കാൾ 60% കൂടുതലാണ്. 2008-ന് ശേഷം ആദ്യമായാണ് സംഘർഷം മൂലമുള്ള പലായനങ്ങൾ പ്രകൃതിദുരന്തങ്ങൾ (29.9 ദശലക്ഷം) മൂലമുള്ളവയെക്കാൾ വർധിക്കുന്നത്. ലോകത്ത് ആകെ 82.2 ദശലക്ഷം ആളുകൾ നിലവിൽ അഭയാർഥികളായി കഴിയുന്നു. 2024-ലെ 83.5 ദശലക്ഷത്തെ അപേക്ഷിച്ച് ചെറിയ കുറവുണ്ടായെങ്കിലും, ഇത് ശുഭസൂചനയല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC) തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ദുരിതമനുഭവിക്കുന്നത്. മാത്രമല്ല കൊളംബിയ, സിറിയ, യമൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്. തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും കൂടുതൽ ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ട രാജ്യം സുഡാൻ ആണ്. സുഡാനിൽ ചിലർ വീടുകളിലേക്ക് മടങ്ങുന്നുണ്ടെങ്കിലും, തകർക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക തകർച്ചയും കാരണം ഇവരുടെ ജീവിതം ദുസ്സഹമാണ്. പലരും ഒന്നിലധികം തവണ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. അന്താരാഷ്ട്ര തലത്തിലുള്ള പുതിയ യുദ്ധങ്ങളും നിലവിലുള്ള ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമാകുന്നതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.