റസ്റ്റോറന്റിനുള്ളില്‍ മേശകളിലൂടെ എലികളുടെ ഓട്ടം; മക്ഡൊണാള്‍ഡിന് പിഴ,ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലാണ് സംഭവം
 

 
macdonld

രാജ്‌കോട്ട്: റസ്റ്റോറന്റിനുള്ളില്‍ ഉപഭോക്താക്കള്‍ ഭക്ഷണം കഴിക്കുന്ന മേശകള്‍ക്കിടയിലൂടെ എലികള്‍ ഓടുന്ന ദൃശ്യങ്ങള്‍ വൈറല്‍.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  പരിശോധന നടത്തി. ശുചിത്വ വീഴ്ച ചൂണ്ടിക്കാട്ടി റസ്റ്റോറന്റിന് 3,000 രൂപ പിഴ ചുമത്തിയതായാണ് റിപ്പോര്‍ട്ട്.

വൈറലായ വീഡിയോയില്‍ ഉപഭോക്താക്കള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഭാഗത്തെ മേശകള്‍ക്കും കസേരകള്‍ക്കുമിടയിലൂടെ എലികള്‍ ഓടുന്നതാണ് കാണുന്നത്. ദൃശ്യങ്ങളിലെ മക്കഫേയുടെ ബോര്‍ഡും മെനുവും അടിസ്ഥാനമാക്കിയാണ് ഇത് മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റാണെന്ന് തിരിച്ചറിഞ്ഞത്.

രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജയേഷ് വകനിയുടെ നേതൃത്വത്തിലാണ് വൈറല്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്. 

ഗ്രീന്‍ലാന്‍ഡ് ചൗക്ക്ഡിക്ക് സമീപമുള്ള മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലാണ് സംഭവമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ റസ്റ്റോറന്റിലെത്തി പരിശോധന നടത്തി.

 


ഡൈനിങ് ഏരിയയിലെ ശുചിത്വവുമായി ബന്ധപ്പെട്ട വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 3,000 രൂപ പിഴ ചുമത്തിയത്. എന്നാല്‍ പരിശോധനയ്ക്കിടെ അടുക്കളയില്‍ കാര്യമായ ശുചിത്വപ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി അസംസ്‌കൃത വസ്തുക്കളുടെ രണ്ട് സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

റസ്റ്റോറന്റ് മാനേജര്‍ നല്‍കിയ വിശദീകരണമനുസരിച്ച് സമീപത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നാകാം എലികള്‍ റസ്റ്റോറന്റിനുള്ളിലേക്ക് എത്തിയതെന്നാണ് പറയുന്നത്.

എന്നാല്‍ ഉപഭോക്താക്കള്‍ ഭക്ഷണം കഴിക്കുന്ന ഡൈനിങ് ഏരിയയില്‍ തന്നെ എലികള്‍ എത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.


ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ഭക്ഷണശാലകളില്‍ എലികള്‍ ഉള്‍പ്പെടെയുള്ള കീടങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. 

കെട്ടിടത്തിലെ ദ്വാരങ്ങളും മറ്റ് പ്രവേശന മാര്‍ഗങ്ങളും അടയ്ക്കുക, ഭക്ഷ്യവസ്തുക്കള്‍ കീടങ്ങള്‍ കടക്കാത്ത രീതിയില്‍ സൂക്ഷിക്കുക, കീടനിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

കീടനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും അതിന്റെ രേഖകള്‍ സൂക്ഷിക്കുകയും വേണം. കീടബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.


ഇതിനിടെ മഹാരാഷ്ട്രയിലും ഭക്ഷ്യശാലകളിലെ ശുചിത്വ വീഴ്ചകളെ തുടര്‍ന്ന് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റിലുള്ള സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ഡാര്‍ക്ക് സ്റ്റോര്‍ നടത്തുന്ന M/s Swinsta ENT പ്രൈവറ്റ് ലിമിറ്റഡിന്റെ ഭക്ഷ്യ ലൈസന്‍സ് മഹാരാഷ്ട്ര എഫ്. ഡി. എ  സസ്‌പെന്‍ഡ് ചെയ്തിരുന്നു.


പരിശോധനയില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്ത് ജീവനുള്ള എലിയെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. എലികള്‍ കടിച്ച 10 കിലോയുടെ അരിച്ചാക്കുകളും നിലത്ത് ചിതറിക്കിടന്ന അരിയും സ്റ്റോറേജ് ഏരിയയില്‍ എലിക്കാഷ്ഠവും ഭക്ഷ്യവസ്തുക്കളില്‍ ജീവനുള്ള പാറ്റകളെയും കണ്ടെത്തിയതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭക്ഷ്യസംഭരണ സ്ഥലത്തിന് സമീപം വൃത്തിഹീനമായ ശുചിമുറിയും കണ്ടെത്തിയിരുന്നു.

Tags

Share this story

From Around the Web