8 -ാം നൂറ്റാണ്ടിലെ അപൂര്‍വ ചുവര്‍ചിത്രങ്ങള്‍ വില്ലിനിയസിലെ സെന്റ് ജോണ്‍സ് ദൈവാലയത്തില്‍ നിന്ന് കണ്ടെത്തി

 
painting



ബാള്‍ട്ടിക് മേഖലയിലെ തന്നെ ഏറ്റവും വലിയ ബറോക്ക് ചുവര്‍ചിത്ര ശേഖരങ്ങളിലൊന്ന് ലിത്വാനിയയിലെ വില്ലിനിയസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സെന്റ് ജോണ്‍സ് ദൈവാലയത്തില്‍ നിന്ന് വീണ്ടെടുത്തു. രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഇവ വര്‍ഷങ്ങളായി പെയിന്റ് പാളികള്‍ക്കടിയില്‍ മറഞ്ഞുകിടന്ന നിലയിലായിരുന്നു.


 ഔദ്യോഗികമായി 'സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ആന്റ് സെന്റ് ജോണ്‍ ദി അപ്പോസ്തല്‍ ആന്റ് ഇവാഞ്ചലിസ്റ്റ് പള്ളി' എന്ന് വിളിക്കപ്പെടുന്ന ഈ ദൈവാലയത്തില്‍ ചരിത്രപരമായും ആത്മീയമായും ഒരുപോലെ പ്രാധാന്യമുള്ള ഒരു കണ്ടെത്തലാണ് നടന്നിരിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലെ കത്തോലിക്കാ ആരാധനാരീതികളുടെ ഒരു മാതൃക വെളിപ്പെടുത്തുന്നതോടൊപ്പം, യൂറോപ്പിന്റെ പൊതുവായ ക്രൈസ്തവ കലാപാരമ്പര്യത്തില്‍ ലിത്വാനിയ ഒരു പ്രധാന കേന്ദ്രമായിരുന്നു എന്നതിന് പുതിയ തെളിവ് കൂടിയാണ് ഈ കണ്ടെത്തല്‍ വെളിപ്പെടുത്തുന്നത്. 

2,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പതിനെട്ടാം നൂറ്റാണ്ടിലെ അപൂര്‍വ ചുവര്‍ചിത്രങ്ങളാണ് വിദഗ്ദ്ധ പരിശോധനയിലൂടെ കണ്ടെത്തിയത്.


പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്ത ആര്‍ക്കിടെക്റ്റായ ജോഹാന്‍ ക്രിസ്റ്റോഫ് ഗ്ലോബിറ്റ്‌സിന്റെ നേതൃത്വത്തിലാണ് ഈ ദൈവാലയത്തില്‍ വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെയും സ്‌നാപക യോഹന്നാന്റെയും ജീവിതരംഗങ്ങള്‍ ആവിഷ്‌കരിക്കുന്ന 21 ചിത്രീകരണങ്ങള്‍ തയ്യാറാക്കിയത്.

 എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ അപൂര്‍വ ചിത്രങ്ങള്‍ക്ക് മുകളിലേക്ക് പെയിന്റടിക്കുകയും അവ കാഴ്ചയില്‍ നിന്ന് മറയ്ക്കപ്പെടുകയും ആയിരുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെ (ഏകദേശം 1600  1750 കാലഘട്ടത്തില്‍) യൂറോപ്പില്‍ പ്രചാരത്തിലിരുന്ന ഒരു പ്രമുഖ കലാ-വാസ്തുവിദ്യാ ശൈലിയാണ് ബറോക്ക്. 

ലളിതമായി പറഞ്ഞാല്‍, കാണുന്നയാളില്‍ വലിയ അദ്ഭുതവും വികാരങ്ങളും സൃഷ്ടിക്കുന്ന രീതിയിലുള്ള വളരെ ആഡംബരപൂര്‍ണ്ണവും നാടകീയവും സങ്കീര്‍ണ്ണവുമായ ശൈലിയാണിത്. 

ചിത്രങ്ങളില്‍ ഒരിടത്ത് ശക്തമായ വെളിച്ചവും ചുറ്റും കടുത്ത ഇരുട്ടും നല്‍കി, ഒരു സ്റ്റേജ് നാടകം പോലെ രംഗങ്ങളെ അവതരിപ്പിക്കുന്ന ഒരു ശൈലിയും ഇതില്‍ ഉണ്ട്. ഇത്തരത്തില്‍ ഉള്ള ചുവര്‍ ചിത്രങ്ങളാണ് ദൈവാലയത്തില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

യൂറോപ്പിലെ മറ്റ് പല ദൈവാലയങ്ങളിലും ഇത്തരം പഴയ ചിത്രങ്ങള്‍ക്ക് മുകളില്‍ വീണ്ടും വരച്ച് മാറ്റങ്ങള്‍ വരുത്താറുണ്ട്. എന്നാല്‍ ഇവിടെ ചിത്രങ്ങള്‍ പെയിന്റടിച്ച് മറയ്ക്കുക മാത്രം ചെയ്തതിനാല്‍ 300 വര്‍ഷത്തോളം പഴക്കമുള്ള മാതൃകകള്‍ വലിയ കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് വിദഗ്ധര്‍ വ്യക്തമാക്കി.


 

Tags

Share this story

From Around the Web