18 -ാം നൂറ്റാണ്ടിലെ അപൂർവ ചുവർചിത്രങ്ങൾ വില്ലിനിയസിലെ സെന്റ് ജോൺസ് ദൈവാലയത്തിൽ നിന്ന് കണ്ടെത്തി

 
2333

ബാൾട്ടിക് മേഖലയിലെ തന്നെ ഏറ്റവും വലിയ ബറോക്ക് ചുവർചിത്ര ശേഖരങ്ങളിലൊന്ന് ലിത്വാനിയയിലെ വില്ലിനിയസ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റ് ജോൺസ് ദൈവാലയത്തിൽ നിന്ന് വീണ്ടെടുത്തു. രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഇവ വർഷങ്ങളായി പെയിന്റ് പാളികൾക്കടിയിൽ മറഞ്ഞുകിടന്ന നിലയിലായിരുന്നു. ഔദ്യോഗികമായി ‘സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ആന്റ് സെന്റ് ജോൺ ദി അപ്പോസ്തൽ ആന്റ് ഇവാഞ്ചലിസ്റ്റ് പള്ളി’ എന്ന് വിളിക്കപ്പെടുന്ന ഈ ദൈവാലയത്തിൽ ചരിത്രപരമായും ആത്മീയമായും ഒരുപോലെ പ്രാധാന്യമുള്ള ഒരു കണ്ടെത്തലാണ് നടന്നിരിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലെ കത്തോലിക്കാ ആരാധനാരീതികളുടെ ഒരു മാതൃക വെളിപ്പെടുത്തുന്നതോടൊപ്പം, യൂറോപ്പിന്റെ പൊതുവായ ക്രൈസ്തവ കലാപാരമ്പര്യത്തിൽ ലിത്വാനിയ ഒരു പ്രധാന കേന്ദ്രമായിരുന്നു എന്നതിന് പുതിയ തെളിവ് കൂടിയാണ് ഈ കണ്ടെത്തൽ വെളിപ്പെടുത്തുന്നത്. 2,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പതിനെട്ടാം നൂറ്റാണ്ടിലെ അപൂർവ ചുവർചിത്രങ്ങളാണ് വിദഗ്ദ്ധ പരിശോധനയിലൂടെ കണ്ടെത്തിയത്.

പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്ത ആർക്കിടെക്റ്റായ ജോഹാൻ ക്രിസ്റ്റോഫ് ഗ്ലോബിറ്റ്സിന്റെ നേതൃത്വത്തിലാണ് ഈ ദൈവാലയത്തിൽ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെയും സ്നാപക യോഹന്നാന്റെയും ജീവിതരംഗങ്ങൾ ആവിഷ്കരിക്കുന്ന 21 ചിത്രീകരണങ്ങൾ തയ്യാറാക്കിയത്. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ അപൂർവ ചിത്രങ്ങൾക്ക് മുകളിലേക്ക് പെയിന്റടിക്കുകയും അവ കാഴ്ചയിൽ നിന്ന് മറയ്ക്കപ്പെടുകയും ആയിരുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെ (ഏകദേശം 1600 – 1750 കാലഘട്ടത്തിൽ) യൂറോപ്പിൽ പ്രചാരത്തിലിരുന്ന ഒരു പ്രമുഖ കലാ-വാസ്തുവിദ്യാ ശൈലിയാണ് ബറോക്ക്. ലളിതമായി പറഞ്ഞാൽ, കാണുന്നയാളിൽ വലിയ അദ്ഭുതവും വികാരങ്ങളും സൃഷ്ടിക്കുന്ന രീതിയിലുള്ള വളരെ ആഡംബരപൂർണ്ണവും നാടകീയവും സങ്കീർണ്ണവുമായ ശൈലിയാണിത്. ചിത്രങ്ങളിൽ ഒരിടത്ത് ശക്തമായ വെളിച്ചവും ചുറ്റും കടുത്ത ഇരുട്ടും നൽകി, ഒരു സ്റ്റേജ് നാടകം പോലെ രംഗങ്ങളെ അവതരിപ്പിക്കുന്ന ഒരു ശൈലിയും ഇതിൽ ഉണ്ട്. ഇത്തരത്തിൽ ഉള്ള ചുവർ ചിത്രങ്ങളാണ് ദൈവാലയത്തിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

യൂറോപ്പിലെ മറ്റ് പല ദൈവാലയങ്ങളിലും ഇത്തരം പഴയ ചിത്രങ്ങൾക്ക് മുകളിൽ വീണ്ടും വരച്ച് മാറ്റങ്ങൾ വരുത്താറുണ്ട്. എന്നാൽ ഇവിടെ ചിത്രങ്ങൾ പെയിന്റടിച്ച് മറയ്ക്കുക മാത്രം ചെയ്തതിനാൽ 300 വർഷത്തോളം പഴക്കമുള്ള മാതൃകകൾ വലിയ കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് വിദഗ്ധർ വ്യക്തമാക്കി.

Tags

Share this story

From Around the Web