ബലാത്സംഗക്കേസ്; സംവിധായകന്‍ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു, 2022ലാണ് ലിജു കൃഷ്ണയ്‌ക്കെതിരെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തത്
കൊച്ചി: ബലാത്സംഗക്കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു.എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. നിവിന്‍ പോളി നായകനായ 'പടവെട്ട്' സിനിമയുടെ സംവിധായകനാണ് ലിജു. 2022ലാണ് ലിജു കൃഷ്ണയ്‌ക്കെതിരെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തത്.
അല്‍പം വൈകിയെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ലിജു പറഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ നഷ്ടപ്പെട്ടത് വര്‍ഷങ്ങളാണ്. വീടിന്റെ മുന്‍ വാതില്‍ അടഞ്ഞ നിലയിലായിരുന്നു ഇതുവരെ. കുടുംബം ഇതുവരെ ഒരു പരിപാടികള്‍ക്കും പങ്കെടുത്തിരുന്നില്ല. സംവിധായിക ഗീതു മോഹന്‍ദാസിന്റെ ഈഗോയുടെ ഫലമാണ് പരാതി.
അതിന് ഒരു സ്ത്രീയെ തന്നെ ആയുധമായി ഉപയോഗിച്ചു. ഡബ്‌ള്യൂസിസി പോലുള്ള സംഘടനകളോടും അവരുടെ പ്രവര്‍ത്തനങ്ങളോടും ബഹുമാനമുണ്ട്. എന്നാല്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി നീതി നിഷേധിക്കരുത്. ഗീതുവിനെപ്പോലുള്ള പ്രിവിലേജ്ഡ് ആളുകള്‍ പരാതിയുമായി എത്തുമ്പോള്‍ പൊലീസുകാര്‍ അല്പമെങ്കിലും കരുതലോടെ നടപടി എടുക്കണമെന്നും ലിജു വ്യക്തമാക്കി.
2020ല്‍ കാക്കനാട്ടെ ഫ്‌ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സൈറ്റില്‍ നിന്നാണ് ലിജു കൃഷ്ണനെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ലിജുവിന്റെ ആദ്യചിത്രമായിരുന്നു പടവെട്ട്.
ചിത്രത്തിന്റെ തിരക്കഥയും ലിജു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനിടയില്‍ വച്ചാണ് സംവിധായകന്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.