റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു, പമ്പയിൽ ജലനിരപ്പ് ഉയരുന്നു, ആളുകളെ ഡിങ്കി ബോട്ടുകളിൽ മാറ്റി
തിരുവനന്തപുരം: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ പത്തനംതിട്ട റാന്നി മേഖലയിൽ കടുത്ത ദുരിതം. പമ്പ നദിയിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടർന്ന് റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
റാന്നി വടശ്ശേരിക്കര റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയതോടെ കച്ചവടവും സ്തംഭിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. വീടുകളുടെ മുകൾനിലകളിൽ അഭയം പ്രാപിച്ചവരെ ഫയർഫോഴ്സ് എത്തിയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.
പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ്‌വേ പൂർണ്ണമായി മുങ്ങിയ അവസ്ഥയിലാണ്. വളരെ പെട്ടെന്ന് വെള്ളം കയറിയത് ജനങ്ങളെ ആശങ്കയിലാക്കി. പല വീടുകളിലും ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. വെള്ളം കയറിയ റാന്നി ടൗണിന്റെ ആകാശദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി ഡിങ്കി ബോട്ടുകളാണ് ഉപയോഗിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.