റേഞ്ച് റോവര്‍ യാത്രക്ക് അനുമതി തേടിയത് ഒരിക്കല്‍ മാത്രം; മന്ത്രി കെ.എം ഷാജിയുടെ അവകാശവാദം തെറ്റെന്ന് രേഖകള്‍
തിരുവനന്തപുരം: റേഞ്ച് റോവര്‍ വാഹനം ഉപയോഗിച്ച വിഷയത്തില്‍ മന്ത്രി കെ.എം ഷാജിയുടെ അവകാശവാദം തെറ്റെന്ന് രേഖകള്‍. ആഗസ്റ്റ് 16നും 17നും നടത്തിയ കുടകിലെ യാത്രയ്ക്ക് മാത്രമാണ് വാഹനത്തിന് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് അനുമതി തേടിയതെന്നാണ് കണ്ടെത്തല്‍. മറ്റു യാത്രകള്‍ക്ക് അനുമതി തേടിയില്ലെന്നാണ് സൂചന.
ആഗസ്റ്റ് 16-ന് കണ്ണൂരില്‍ നിന്ന് കുടകിലേക്ക് പുറപ്പെട്ട് 17ന് തിരികെ എത്തുന്ന രണ്ട് ദിവസത്തെ യാത്രയ്ക്കായി മാത്രമാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കി അനുമതി വാങ്ങിയിട്ടുള്ളത്.
ഈ രണ്ട് ദിവസത്തെ യാത്രയ്ക്ക് പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിവിധ പരിപാടികള്‍ക്കായി ഏകദേശം ഒരു മാസത്തോളം ഇതേ സ്വകാര്യ വാഹനം മന്ത്രി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ മറ്റ് യാത്രകള്‍ക്ക് യാതൊരുവിധ ഔദ്യോഗിക അനുമതിയും തേടിയിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
സംഭവത്തിന് പിന്നാലെ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അനുവദിച്ച വാഹനം സര്‍വീസിന് നല്‍കിയപ്പോഴാണ് സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നായിരുന്നു മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.
വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹം ഫെസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആവശ്യമായ അനുമതിയോടെയാണ് റേഞ്ച് റോവര്‍ ഉപയോഗിച്ചതെന്നും സുഹൃത്തുക്കളുടെ വാഹനങ്ങള്‍ ഇത്തരത്തില്‍ ഇനിയും ഉപയോഗിക്കുമെന്നും വഴിതടയുമെന്ന ഭീഷണി വേണ്ടെന്നുമായിരുന്നു പേസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കിയത്.