നൈജീരിയന്‍ ക്രൈസ്തവര്‍ക്കായി ശബ്ദമുയര്‍ത്തി വൈറ്റ് ഹൗസിന് മുന്നില്‍ റാലി
വാഷിംഗ്ടണ്‍ ഡിസി: നൈജീരിയയെ പ്രതിസന്ധിയിലാഴ്ത്തുന്ന ഭീകരതയും ക്രൈസ്തവ വിരുദ്ധ പീഡനവും അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയുടെ ഭരണതലസ്ഥാനമായ വൈറ്റ് ഹൗസിന് സമീപം നിരവധി പേര്‍ ഒത്തുകൂടി.
ജൂണ്‍ 20നാണ് വൈറ്റ് ഹൗസിന് സമീപം 'സേവ് നൈജീരിയ റാലി' എന്നറിയപ്പെടുന്ന പരിപാടിയില്‍ നൈജീരിയയിലെ ആറ് ജിയോപൊളിറ്റിക്കല്‍ സോണുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഒത്തുകൂടിയത്.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ മരുമകള്‍ അല്‍വേദ കിംഗ് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയ്ക്കിടെ പ്രഭാഷണം നടത്തി.
നൈജീരിയയിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ തങ്ങള്‍ ഇവിടെയുണ്ടെന്ന് സംഘടന നേതാക്കള്‍ വേദിയില്‍ പ്രഖ്യാപിച്ചു.
ബൊക്കോ ഹറാം, ഐസിസ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് നൈജീരിയ ഗുരുതരമായ ഭീഷണി നേരിടുന്നുവെന്ന് റാലിയില്‍ സംസാരിച്ച 'സേവ് നൈജീരിയ ഗ്രൂപ്പ് യുഎസ്എ' പ്രസിഡന്റ് സ്റ്റീഫന്‍ ഒസെംവെഗി മുന്നറിയിപ്പ് നല്‍കി.
നൈജീരിയയെ 'പ്രത്യേക ആശങ്കാജനകമായ രാജ്യം' ആയി പുനര്‍നാമകരണം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കെതിരായ നടപടികള്‍ക്ക് പിന്തുണ നല്‍കിയതിനും അദ്ദേഹം യുഎസ് ഭരണകൂടത്തിന് നന്ദി പറഞ്ഞു.
ആഗോള ജിഹാദി പ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യമായി നൈജീരിയ മാറിയിരിക്കുന്നുവെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ ശക്തി പ്രാപിച്ചാല്‍, സിറിയയിലും അഫ്ഗാനിസ്ഥാനിലും അനുഭവിച്ചതിന് സമാനമായ പ്രതിസന്ധി രാജ്യം നേരിടേണ്ടിവരുമെന്നും ഒസെംവെഗി പരിപാടിയ്ക്കിടെ മുന്നറിയിപ്പ് നല്‍കി.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ നൈജീരിയന്‍ സുരക്ഷാ സേനയെ സഹായിക്കാന്‍ ഡ്രോണുകള്‍, ഉപകരണങ്ങള്‍, സൈനിക ഉപദേഷ്ടാക്കള്‍ എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക, ഇന്റലിജന്‍സ് പിന്തുണ രാജ്യത്തിനു ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.