റായ്പൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ പൗരോഹിത്യസ്വീകരണം മാറ്റി

 
raipoor yui


റായ്പൂര്‍ (ചത്തീസ്ഗഡ്): ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പൗരോഹിത്യ സ്വീകരണം മാറ്റിവച്ചു. ചത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലെ ധന്‍വാര്‍ ഇടവകയില്‍ ജസ്യൂട്ട് ഡീക്കന്‍ ബേസില്‍ ഹദ്ദെയുടെ ഒക്ടോബര്‍ 14ന് നടക്കേണ്ടിയിരുന്ന വൈദികപട്ട സ്വീകരണമാണ് മാറ്റിയത്. കൊഡാകു ഗോത്രവര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഡീക്കനാണ് ഹദ്ദെ.

ഒക്ടോബര്‍ 13-ന് ബല്‍റാംപൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ പോലീസും ഉദ്യോഗസ്ഥരും ധന്‍വാര്‍ ഇടവകയിലെത്തി. അവര്‍ ജസ്യൂട്ട് സുപ്പീരിയര്‍, ഇടവക വികാരി, ഡീക്കന്‍ ഹദ്ദെ എന്നിവരുമായി സംസാരിക്കുകയും അദ്ദേഹം ക്രൈസ്തവനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഡീക്കന്‍ മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് കാണിച്ചെങ്കിലും അത് അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മാമ്മോദീസയ്ക്കും മതപരിവര്‍ത്തനത്തിനും ഗവണ്‍മെന്റിന്റെ അനുമതി വാങ്ങണമെന്നായിരുന്നു അവരുടെ നിലപാട്.

പൗരോഹിത്യ സ്വീകരണം ആഘോഷമാക്കി മാറ്റാന്‍ ഗ്രാമവാസികള്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഇങ്ങനെയൊരു ഇടപെടല്‍ ഉണ്ടായത്. ഇതേതുടര്‍ന്ന് ഗ്രാമീണര്‍ ജില്ലാ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങിയെങ്കിലും ജസ്യൂട്ട് അധികാരികളുടെയും ഇടവക കൗണ്‍സിലിന്റെയും അഭ്യര്‍ത്ഥന മാനിച്ച് പിന്മാറുകയായിരുന്നു.

ഛത്തീസ്ഗഡിലെ മതപരിവര്‍ത്തന നിരോധന നിയമം അനുസരിച്ച് മറ്റൊരു മതവിശ്വാസം സ്വീകരിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ ആ നിയമനിര്‍മ്മാണത്തിന് മുമ്പ്, 1995-ല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്നും അന്ന് അനുമതി ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ അതംഗീകരിക്കാതെ ഡീക്കന്റെ മതമാറ്റത്തിന്റെ നിയമസാധുത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നത് വരെ ചടങ്ങ് റദ്ദാക്കാനോ മാറ്റിവയ് ക്കാനോ ഭരണകൂടം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തിരുപ്പട്ടം സ്വീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2026 മാര്‍ച്ച് 19നാണ് ഛത്തീസ്ഗഡ് നിയമസഭ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയത്. മതപരിവര്‍ത്തന നിരോധന നിയമത്തില്‍ ഇന്ത്യയില്‍ ഏറ്റവും കര്‍ശന വ്യവസ്ഥകള്‍ ഉള്ളത് ഛത്തീസ്ഗഡിലാണ്. നിയമത്തിലെ വ്യവസ്ഥകള്‍ എങ്ങനെ വേണമെങ്കിലും വളരെ എളുപ്പത്തില്‍ വളച്ചൊടിക്കാനും കഴിയും. സംഘമായുള്ള മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

രണ്ടു പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൗരോഹിത്യ സ്വീകരണം മാറ്റിവയ്പ്പിക്കാമെങ്കില്‍ ദൈവാലയങ്ങളില്‍ നടക്കുന്ന ആരാധനകള്‍ വേണമെങ്കിലും കൂട്ട മതപരിവര്‍ത്തനമായി വ്യാഖ്യാനിക്കാന്‍ സാധിക്കും. ഒരു വ്യാജ പരാതി എഴുതി വാങ്ങി ആരാധനകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ജയിലില്‍ അടക്കാനും കഴിയും. ഈ നിയമത്തിനെതിരെ നല്‍കിയ കേസ് ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ പരിഗണയിലാണ്.

ഇഷ്ടമുള്ള മതവിശ്വസിക്കാനും ആചാരങ്ങള്‍ പുലര്‍ത്താനും ഭരണഘടന അനുവാദം നല്‍കുന്ന മതേതരരാജ്യമായ ഇന്ത്യയില്‍ പൗരോഹിത്യ സ്വീകരണങ്ങള്‍ക്ക് വിലക്കുവരുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ അതു വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.

Tags

Share this story

From Around the Web