സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. കാലവര്‍ഷം ദുര്‍ബലമാണെങ്കിലും ജാഗ്രത വേണം; സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളത്. നിലവില്‍ ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായ സ്ഥിതിയിലാണ് തുടരുന്നത്.
കാലവര്‍ഷം ദുര്‍ബലമാണെങ്കിലും കേരളത്തില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതിനിടയില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) സെപ്റ്റംബര്‍ 1- ന് രാത്രി 8.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും, ഇതുമൂലം കടലാക്രമണത്തിന് ഇടയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കേണ്ടതാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ വിവരമറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.